Backpacking across Rajasthan

Give your rating
Average: 4 (2 votes)
banner
Profile

Ann Merin Jose

Loyalty Points : 120

Total Trips: 3 | View All Trips

Post Date : 16 Nov 2024
14 views

മണാലി യാത്ര കഴിഞ്ഞ് ഇനി എവിടെ പോകുമെന്ന് ആലോചിച്ചപ്പോഴാണ് മൺസൂണിൽ മേഘാലയ പോയാലോ എന്ന് തോന്നിയത്. മാർച്ചിൽ ഒരാഴ്ച്ച ലീവ് എടുത്തതുകൊണ്ട് ആഗസ്റ്റിൽ ഇനി ലീവ് കിട്ടൂലാന്ന് മനസിലായപ്പോ ആ പ്ലാൻ ക്യാൻസൽ ആക്കി. ആ സമയത്താണ് അബ്രിയുടെ “കറക്കം” ബുക്ക് ഇറങ്ങുന്നത്. യാത്രാവിവരണങ്ങൾ മാത്രം വായിക്കാറുള്ള ഞാൻ അത് വാങ്ങി വായിച്ചു തുടങ്ങി. വളരെ സിംപിൾ ആയിട്ട് കൂട്ടുകാരോട് കഥ പറയുന്നതുപോലെ അബ്രി രാജസ്ഥാനിലെ പുഷ്കർ മേള കാണാൻ പോയ കാര്യം പറഞ്ഞപ്പോൾ ആ ഭാഗം ഫോട്ടോ എടുത്ത് അഞ്ജലിക്ക് അയച്ചിട്ട് പോയാലോ എന്ന് ചോദിച്ചു.


 

നവംബറിൽ ആണ് പുഷ്കർ മേള നടക്കുന്നത്. ഗൂഗിൾ അമ്മച്ചി പറഞ്ഞത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേളയാണ് അതെന്നാ. എങ്കിൽ പിന്നെ ഒന്ന് പോയി കാണണമല്ലോ. ഓഗസ്റ്റ് മാസം ആണ് കറക്കം വായിക്കുന്നത്. ആ സമയം പുഷ്കർ മേളയുടെ കറക്റ്റ് ഡേറ്റ്സ് പുറത്ത് വന്നിട്ടില്ല. എങ്കിലും നവംബർ ആദ്യത്തെ 2 ആഴ്ചയിൽ ആകുമെന്ന് അറിഞ്ഞു. അങ്ങനെ ട്രെയിൻ ടിക്കറ്റ് നോക്കിയപ്പോൾ ആ സമയത്ത് രാജസ്ഥാനിലേക്ക് ഉള്ള മിക്ക ട്രെയിനുകളിലും സീറ്റ് കുറവാണ്. അങ്ങനെ പുഷ്കർ മേള തീയതി കിട്ടിയപ്പോഴെ ഞങ്ങൾ രാജസ്ഥാനിലെ കോട്ടയിലേക്ക് ടിക്കറ്റ് എടുത്തു. ഡയറക്റ്റ് ട്രെയിൻ കുറവായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. കോട്ടയിൽ എത്തി അവിടുന്ന് ഉദയ്പൂർ - ജയ്സാൽമർ - ജോധ്പൂർ - പുഷ്കർ - അജ്മീർ - കിഷൻഗഡ് - ജയ്പൂർ ഇതായിരുന്നു പ്ലാൻ. മൊത്തം 12 ദിവസത്തെ യാത്രയാണ്.


 

മണാലി യാത്ര കഴിഞ്ഞപ്പോൾ തന്നെ തീരുമാനിച്ചിരുന്നു ഇനി മുതൽ പാക്കേജ് ഒന്നും എടുക്കാതെ എല്ലാം സെൽഫ് ആയിട്ട് പ്ലാൻ ചെയ്തു പോകാമെന്ന്. അതിനൊരു കാരണമുണ്ട്. സ്വന്തമായിട്ട് പോകുവാണേൽ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് സ്ഥലങ്ങൾ കാണാം. ഞങ്ങൾ 2 പേർക്കും സൺറൈസ് സൺസെറ്റ് ഒക്കെ കാണാൻ ഇഷ്ടമാണ്. ചില സ്ഥലങ്ങളിൽ നമുക്ക് കൂടുതൽ നേരം ചിലവഴിക്കാൻ തോന്നും. അതുപോലെ ചില സ്ഥലങ്ങൾ കാണാൻ നമുക്ക് വല്യ താല്പര്യം ഉണ്ടാവില്ല. അതുകൊണ്ട് ഈ രാജസ്ഥാൻ യാത്ര കുറച്ച് യുട്യൂബ് വ്ലോഗ്സിന്റെയും യാത്രവിവരണങ്ങളുടെയും സഹായത്തോടെ ഞങ്ങൾ സ്വന്തമായിട്ടാണ് എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തത്. അതിൽ എടുത്തു പറയേണ്ടത് നമ്മുടെ ഗ്രൂപ്പിലുള്ള മിത്ര ചേച്ചിയും, ഇൻസ്റ്റഗ്രാമിലെ രഞ്ജി ചേച്ചിയും പിന്നെ ഷെറിൻസ് വ്ലോഗുമാണ്.


 

അങ്ങനെ നവംബർ 2 പുലർച്ചെ 5:30 നുള്ള ട്രെയിൻ ആണ് ബുക്ക് ചെയ്തത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോ 2 സമയം കാണിക്കുന്നുണ്ടായിരുന്നു. തൊട്ട് മുൻപുള്ള ദിവസം നോക്കുമ്പോഴും 5:30 ആണ് ട്രെയിൻ കോഴിക്കോട് എത്തിയത്. അതുകൊണ്ട് ഞാൻ 5 മണി ആയപ്പോൾ സ്റ്റേഷനിൽ എത്തി. അവിടെ എത്തിയപ്പോൾ ആണറിയുന്നത്. നവംബർ 1 മുതൽ പുതിയ സമയമാണ്, 8:30 ട്രെയിൻ കോഴിക്കോട് എത്തുമെന്ന്. ഇതറിഞ്ഞ ഞാൻ കുറച്ച്നേരം വെയ്റ്റിംഗ് റൂമിൽ പോയിരുന്നു. എവിടെപ്പോയാലും ഈ പോസ്റ്റ് കിട്ടുന്നത് ശീലമായതുകൊണ്ട് ഫോണും നോക്കിയിരുന്നു സമയം കളഞ്ഞു. കറക്റ്റ് ടൈമിൽ തന്നെ ട്രെയിൻ എത്തി. എറണാകുളത്ത് നിന്ന് എടുത്ത ട്രെയിൻ ആയതുകൊണ്ട് കംപാർട്മെന്റിൽ അധികം ആൾക്കാർ ഇല്ലായിരുന്നു. പെട്ടന്നൊന്നും ആരും വരല്ലേയെന്ന് പ്രാർത്ഥിച്ച ഞങ്ങളുടെ മുന്നിൽ കണ്ണൂർ എത്തിയപ്പോൾ ഒരു അങ്കിളും ആന്റിയും വന്നിരുന്നു. അതും അവർ ഡൽഹിക്ക് ആണെന്ന് അറിഞ്ഞപ്പോൾ ചെറിയ  വിഷമം തോന്നി. പക്ഷേ അടുത്ത കാര്യം കേട്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി. അവർ നേപ്പാളിൽ സെറ്റിൽഡ് ആയവർ ആണ്. അവിടെ അവർ ഒരു സ്കൂളും നടത്തുന്നുണ്ട്.


 

ഞങ്ങൾ രാജസ്ഥാൻ കാണാൻ പോകുവാണെന്ന് അറിഞ്ഞപ്പോൾ അവർ ഞങ്ങളെ നേപ്പാളിലേക്ക് ക്ഷണിച്ചു. അങ്ങനെ അവരുമായി നല്ല കമ്പനിയായി. ഞങ്ങൾ യൂണോ കാർഡ്സ് കളിക്കുന്നത് കണ്ടപ്പോൾ അവരും ഞങ്ങളുടെ കൂടെ കൂടി. അങ്ങനെ കോട്ടയിൽ ഇറങ്ങുന്നതിന് മുൻപ് നേപാൾ ട്രിപ്പിന്റെ ഫുൾ ഡീറ്റെയിൽസ് അവർ സെറ്റ് ആക്കി തന്നു. ഏപ്രിൽ മെയ് ആകുമ്പോൾ ഇനി അങ്ങോട്ട് പോയാൽ മാത്രം മതി. അങ്ങനെ രാജസ്ഥാൻ ട്രിപ്പ് തുടങ്ങിയപ്പോൾ തന്നെ ഞങ്ങളുടെ അടുത്ത നേപ്പാൾ ട്രിപ്പ് ഓൺ ആയി.


 

34 മണിക്കൂർ യാത്രക്ക് ശേഷം അടുത്ത ദിവസം വൈകുന്നേരം 5 മണി ആയപ്പോൾ കോട്ടയിൽ എത്തി. ഉദയ്പൂരിനുള്ള ട്രെയിൻ രാത്രി 12:30 ആണ്. അതുകൊണ്ട് ബാഗ് ക്ലോക്ക് റൂമിൽ വച്ചു. പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്താണ് ക്ലോക്ക് റൂം. പുറത്ത് എവിടെയെങ്കിലും പോകാമെന്ന് കരുതി നോക്കിയപ്പോൾ എല്ലാം നല്ല ദൂരമുണ്ട്. വൈകുന്നേരം ആയതുകൊണ്ട് ദൂരേക്ക് പോകാൻ തോന്നിയില്ല. കുറച്ച് കഴിഞ്ഞ് പുറത്ത് പോയി ഫുഡ് കഴിച്ചിട്ട് വന്നു. 11 മണി കഴിഞ്ഞപ്പോൾ ക്ലോക്ക് റൂമിൽ പോയി ബാഗ് എടുത്ത് ഞങ്ങൾ നിൽക്കുന്ന ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ വരുന്ന രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. അവിടെയെത്തിയപ്പോൾ ഒരു ചെറിയപെൺകുട്ടി അതിലെ കളിച്ചു നടക്കുന്നുണ്ട്. ഇടക്കിടക്ക് അവൾ നമ്മളെ നോക്കുന്നുണ്ട്. എവിടുന്നോ കിട്ടിയ ഒരു ചെറിയ കല്ലുകൊണ്ട് സ്റ്റേഷനിലെ തറയിലിട്ട ടൈൽസിന്റെ ലൈൻ വച്ച് അവൾ അക്ക് കളിക്കുന്നു. ഇത് കണ്ടുകൊണ്ട് നിന്ന 2,3 ചേട്ടന്മാരും അവളുടെ ഒപ്പം കൂടി. നമ്മൾ ശ്രദ്ധിക്കുന്നത് മനസിലായപ്പോൾ അവൾ അടുത്തുവന്നു മിണ്ടാൻ തുടങ്ങി. അവളുടെ കളികൾ കണ്ട് സമയം പോയതറിഞ്ഞില്ല നമുക്ക് പോകാനുള്ള ട്രെയിൻ എത്തി. ഇനി അങ്ങോട്ട് അധികം ദൂരമില്ലാത്തത്കൊണ്ട് സ്ലീപ്പർ ടിക്കറ്റ് ആണ് ബുക്ക് ചെയ്തത്. നോക്കുമ്പോൾ നമ്മുടെ ബർത്തിൽ വേറെ ആളുകൾ. പക്ഷേ പറഞ്ഞപ്പോൾ പെൺകുട്ടികൾ ആയതുകൊണ്ടാവണം അവർ മാറി തന്നു.


 

✨✨✨✨✨✨✨✨✨✨✨✨✨✨


 

Day 1

Udaipur - The White City


 

രാവിലെ ഒരു 7 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ഉദയ്പൂർ എത്തി. അവിടെയുള്ള കെട്ടിടങ്ങൾ എല്ലാം തന്നെ വെള്ള പെയിന്റ് ആയതുകൊണ്ട് വൈറ്റ് സിറ്റി എന്നാണ് അറിയപ്പെടുന്നത്.  സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ വിളിച്ച് ഞങ്ങൾ ഗോസ്റ്റോപ്സിൽ എത്തി. ഉദയ്പൂരിലെ 2 ദിവസം എവിടെയാണ് നിൽക്കുന്നത്. നല്ല വൈബ്രന്റ് ആയിട്ടുള്ള റൂമുകളും കോമൺ ഏരിയയും ഇവരുടെ പ്രത്യേകതയാണ്. ഫ്രഷ് ആയിട്ട് ബ്രേക്ക്ഫാസ്റ്റും കഴിച്ച് ഞങ്ങൾ ഉദയ്പൂർ കാണാനിറങ്ങി. ആദ്യം പോയത് സജ്ജാംഗഡ് മൺസൂൺ (Sajjangarh) പാലസ് കാണാനാണ്. യൂബറിൽ താഴെയെത്തി അവിടുന്ന് govt authorized ഷെയർ ടാക്സിയിൽ ആണ് മുകളിലേക്ക് പോയത്. 110 rs എന്തോ ആയിരുന്നു ഒരാൾക്ക് ഉള്ള ചാർജ്.


 

ഫത്തേഹ് സാഗർ തടാകത്തെ നോക്കിനിൽക്കുന്ന ഈ പാലസ് മൺസൂൺ പാലസ് എന്നറിയപ്പെടുന്നത് മഴക്കാലത്ത് മഴമേഘങ്ങൾ ഉദയ്പൂർ നഗരത്തിന് മുകളിലൂടെ പോകുന്നത് ഇവിടെ നിന്നാൽ കാണാൻ സാധിക്കുന്നത്കൊണ്ടാണ്. അവിടെ നിന്നാൽ ഉദയ്പൂർ സിറ്റിയുടെ നല്ലൊരു ഭാഗം കാണാൻ സാധിക്കും. രാവിലെയോ വൈകിട്ടോ പോകുന്നതാണ് നല്ലത്. ഞങ്ങളെത്തിയപ്പോൾ ഉച്ചയായിരുന്നു.


 

അവിടുന്ന് ഞങ്ങൾ പോയത് വാക്സ് മ്യൂസിയം കാണാനാണ്. അതുകൂടാതെ അവിടെ ഇൻഫിനിറ്റി റൂമും ഹൊറർ റൂമും ഉണ്ടായിരുന്നു. ഇതിന് മൂന്നിനും കൂടെ ഒരാൾക്ക് 300 രൂപയാണ് ചാർജ്ജ്. പ്രശസ്തരായ ഒരുപാട് ആളുകളെ അവിടെ കാണാൻ പറ്റി. ഒബാമ എന്നെ കണ്ടപ്പോൾ എഴുനേറ്റ് ആ കസേര എനിക്ക് ഇരിക്കാൻ തന്നു. ഒപ്പം കുടിക്കാൻ ചായയും. എന്ത് എളിമയുള്ള മനുഷ്യൻ🤩 ഇത്രയൊക്കെ നമ്മക്ക് ചെയ്തു തരുമ്പോ പുള്ളിടെ കൂടെ ഒരു ഫോട്ടോ എടുത്തില്ലേൽ ആൾക്ക് വിഷമം ആകൂലെ😜 പുള്ളിടെ കുറച്ച് ഫ്രണ്ട്സ് അവിടെ ഉണ്ടായിരുന്നു. അവരുടെ കൂടെയും ഫോട്ടോ എടുത്തു. മദർ തെരേസയെ കണ്ടപ്പോ എനിക്ക് ഭയങ്കര ബഹുമാനം തോന്നി.


 

ഹൊറർ റൂമിൽ കയറിയ ഞങ്ങൾ ശരിക്കും പേടിച്ചത് തിരിച്ചിറങ്ങാൻ നേരം ഡോർ തുറക്കാൻ അറിയാതെ വന്നപ്പോഴാണ്. ബയ്യാ ബയ്യാ എന്നു കുറെ നേരം വിളിച്ചപ്പോ പുള്ളി വന്നിട്ട് ഈ വാതിൽ ചുമ്മാ അങ്ങ് തള്ളിയാൽ മതിയല്ലോ തുറക്കുമെന്ന് പറഞ്ഞ് ഞങ്ങൾക്ക് ഡോർ തുറന്നു തന്നു. 😎


 

ആ ക്ഷീണം മാറാൻ ഞങ്ങൾ സഹേലിയൻ കി ബാരി എന്ന ഒരു ഗാർഡനിൽ പോയി. പോകുന്ന വഴി ഓരോ കരിക്കും കുടിച്ചു. 2km ഒക്കെയാണ് ദൂരമെങ്കിൽ ഞങ്ങൾ ടാക്സി വിളിക്കാതെ നടക്കും. അതുകൊണ്ട് ഗാർഡനിൽ എത്തിയപ്പോൾ ആ ചൂടിൽ നടന്നതുകൊണ്ട് ക്ഷീണിച്ച് ഒരു മൂലയിലുള്ള മരത്തിന്റെ തണലിൽ പോയി ഇരുന്നു. ഇരുത്തം പിന്നെ കിടപ്പായി. കുറച്ച് നേരം കിടന്നപ്പോൾ ഉറക്കം വരാൻ തുടങ്ങി. കയ്യിലുണ്ടായിരുന്ന ക്യാപ് വച്ച് മുഖം മറച്ച് ബാഗ് തലയ്ക്കടിയിൽ വച്ച് കുറച്ച് നേരം മയങ്ങി. അന്യ നാട്ടിൽ ഇങ്ങനെ കിടന്നുറങ്ങാനും വേണം ഒരു മനസ്സ്.


 

അവിടുന്ന് എണീറ്റ് ഞങ്ങൾ പോയത് ഫത്തേഹ് സാഗർ തടാകത്തിലേക്കാണ്. ബോട്ടിംഗ് പിച്ചോള ലേക്കിൽ പോകാൻ തീരുമാനിച്ചതുകൊണ്ട് ഇവിടെ ചുമ്മാ ഇരുന്ന് സൺസെറ്റ് കാണാമെന്ന് കരുതി. ഇങ്ങോട്ട് വരുമ്പോൾ തന്നെ ബെസ്റ്റ് സൺറൈസ് & സൺസെറ്റ് സ്പോട്ട്സ് നോക്കിവച്ചിരുന്നു. 4 മണിക്ക് എത്തിയാൽ എന്ത് സൺസെറ്റ് കാണാനാണ്. അതുകൊണ്ട് അവിടെ അടുത്ത് കണ്ട പാർക്കിൽ പോയി. അടുത്ത് തന്നെ രാജസ്ഥാനിലെ ഏറ്റവും വലിയ അക്വേറിയം ഉണ്ടായിരുന്നെങ്കിലും ഞങ്ങൾക്ക് കാണാൻ താല്പര്യം തോന്നിയില്ല.


 

പാർക്കിൽ ഞങ്ങൾ ഇരിക്കുന്നതിന്റെ കുറച്ച് മാറി 2 പെൺകുട്ടികൾ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവരുടെ കുറച്ച് ഫോട്ടോസ് എടുക്കുമോയെന്ന് ചോദിച്ച് അടുത്തുവന്നു. ഏതാണ്ട് ഞങ്ങളുടെ അതേ പ്രായം തന്നെയാണ് അവർക്കും. വൈഷ്ണവിയും നമ്രതയും. ജയ്പൂർകാർ ആയ അവർ ഉദയ്പൂർ കാണാൻ വന്നതാണ്. ഞങ്ങൾ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അവർക്ക് നല്ല സന്തോഷം. പെട്ടന്ന് തന്നെ കമ്പനിയായി. അതിൽ വൈഷ്ണവിയുടെ കല്യാണത്തിന് ഞങ്ങളെ വിളിച്ചിട്ടുണ്ടായിരുന്നു. രാജസ്ഥാൻ കല്യാണം കൂടാൻ കിട്ടിയ അവസരമായത്കൊണ്ടും അവൾ വലിയ കാര്യത്തോടെ വിളിച്ചതുകൊണ്ട് നിരസിക്കാൻ പറ്റാത്തത്കൊണ്ടും ഈ വർഷം ഫെബ്രുവരിയിൽ ജയ്പൂർ വച്ച് നടന്ന കല്യാണം കൂടാൻ ഞങ്ങൾ പോയിട്ടുണ്ടായിരുന്നു. അതിന്റെ വിശേഷം പിന്നെ പറയാം…


 

ഞങ്ങളോട് കുറേനേരം സംസാരിച്ച് ജയ്പൂർ എത്തുമ്പോൾ അവരെ വിളിക്കണമെന്ന് പറഞ്ഞ് ഫോൺ നമ്പരും തന്നിട്ടാണ് അവർ പോയത്. വീണ്ടും ഞങ്ങൾ തടാകക്കരയിൽ എത്തി. ആ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ സൂര്യാസ്തമയം അവിടുന്ന് കാണാൻ സാധിച്ചു.


 

ഇരുട്ടിയപ്പോൾ ഞങ്ങൾ ഗംഗോർ ഘട്ടിലേക്ക് പോയി. അവിടെ അടുത്തുള്ള ബാഗോർ കി ഹവേലിയിൽ എന്നും വൈകുന്നേരം 7 മണിക്ക് കൾച്ച്വറൽ പ്രോഗ്രാംസ് നടക്കാറുണ്ട്. ഓൺലൈൻ ആയിട്ടോ അല്ലെങ്കിൽ തലേന്ന് അവിടെ ചെന്ന് നേരിട്ടോ ടിക്കറ്റ് വാങ്ങുന്നതാണ് നല്ലത്. 6:30 ആയപ്പോൾ അവിടെയെത്തിയെങ്കിലും ടിക്കറ്റ് സോൾഡ് ഔട്ട് ആയെന്ന് അവിടെ നിന്നയാൾ പറഞ്ഞു. ഒരു പ്രതീക്ഷയോടെ അവിടെ തന്നെ കുറെ നേരം നിന്നപ്പോൾ തിരക്ക് കുറഞ്ഞ സമയം നോക്കി അയാൾ അടുത്തു വന്ന് 10 മിനിറ്റ് കഴിഞ്ഞ് വാ ടിക്കറ്റ് തരാമെന്ന് പറഞ്ഞു. കുറച്ച് നേരം അതിലെ കറങ്ങി വീണ്ടും ഞങ്ങൾ അയാളുടെ അടുത്തെത്തി. അവിടുന്ന് മറ്റൊരു മലയാളിയെ പരിചയപ്പെട്ടു - അഖിൽ. ഒറ്റക്ക് വന്ന അവനോടും കുറച്ച് കഴിഞ്ഞ് വരാനാണ് അയാൾ പറഞ്ഞത്. ആ സമയം മുഴവൻ അവിടെ വരുന്നവരോട് അയാൾ ടിക്കറ്റ് ഇല്ല എന്ന് പറയുന്നുണ്ടായിരുന്നു. ഷോ തുടങ്ങാറായപ്പോൾ അയാൾ ഞങ്ങളെയും വേറെ കുറച്ച് പേരെയും വിളിച്ചു ടിക്കറ്റ് തന്നു.


 

അകത്ത് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും അനുവദിക്കില്ല. ഫോട്ടോയും വീഡിയോയും എടുക്കുന്നവരോട് അവർ 100 രൂപ മേടിക്കുന്നുണ്ടായിരുന്നു. എങ്കിലും അവർ കാണാതെ ഞങ്ങൾ കുറച്ച് വീഡിയോസ് ഒക്കെ എടുത്തു.


 

അതിന് ശേഷം ഞങ്ങൾ പിച്ചോള തടാകത്തിന്റെ സൈഡിൽ ഉള്ള ഹോട്ടൽ ചിരാഗിൽ ഫുഡ് കഴിക്കാൻ കയറി. രാവിലെ 2 ബ്രെഡും കുറച്ച് കട്ട് ഫ്രൂട്ട്സും ജ്യൂസും മാത്രം കഴിച്ചതേയുള്ളു. ഉച്ചക്ക് ഒരു കരിക്കും. അതുകൊണ്ട് വിശപ്പ് ഉണ്ടായിരുന്നു. രാത്രി ഞങ്ങൾ ചപ്പാത്തിയും പനീർ ചീസ് മസാലയും വാങ്ങി. നല്ല ഭക്ഷണമായിരുന്നു. വയർ ഒക്കെ ഫുൾ ആക്കി ഞങ്ങൾ തിരിച്ച് റൂമിൽ എത്തി. ലേഡീസ് ഡോർമിറ്ററി ആയിരുന്നു. നാളെ രാവിലെ സൺറൈസ് കാണാൻ പോകണം. അതുകൊണ്ട് വേഗം കുളിച്ച് ഉറങ്ങാൻ കിടന്നു.


 

✨✨✨✨✨✨✨✨✨✨✨✨✨✨


 

Day 2

Udaipur


 

5 മണിയായപ്പോൾ എഴുനേറ്റ് ഫ്രഷായി ഞങ്ങളിറങ്ങി. കർണിമാതാ ടെമ്പിളിന്റെ സൈഡിലുള്ള വ്യൂപോയിന്റിൽ ആണ് നമ്മൾ സൺറൈസ് കാണാൻ പോകുന്നത്. ഇന്നലെ പരിചയപ്പെട്ട അഖിലും ഉണ്ട് കൂടെ. ഏതാണ്ട് ആയിരത്തോളം സ്റ്റെപ്സ് ഉണ്ട് കുന്നിൻമുകളിലുള്ള ഈ അമ്പലത്തിൽ എത്താൻ. റോപ്പ് വേയും ഉണ്ട്. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് റോപ്പ് വേ ഓപ്പൺ ആകാൻ 8-9 മണി ആകുമെന്ന്. വേറെ വഴി ഇല്ലാത്തത്കൊണ്ട് നടന്നു കയറാൻ തീരുമാനിച്ചു. ദിവസവും എക്സർസൈസ് ചെയ്യാനൊക്കെ ഈ സ്റ്റെപ്സ് കയറുന്ന ആളുകളെ കണ്ടു. മുകളിൽ എത്തിയപ്പോഴേക്ക് സൂര്യേട്ടൻ ഉദിച്ചുവെങ്കിലും ആ ഭാഗത്ത് ചുവന്ന ആകാശം ഉണ്ടായിരുന്നു. ഇവിടെ നിന്ന് നോക്കിയാൽ ഉദയ്പൂരിന്റെ മറ്റൊരു സൈഡ് കാണാം കൂട്ടത്തിൽ പിച്ചോള തടാകവും.


 

കുറെ നേരം ആ കാഴ്ച്ച കണ്ടിരുന്ന് ഞങ്ങൾ അമ്പലം കാണാൻ പോയി. റോപ്പ് വേ ടിക്കറ്റ് ഇല്ലാത്തതിനാലും അത് ഇതുവരെ ഓപ്പൺ ആവാത്തത്കൊണ്ടും തിരിച്ച് ആ സ്റ്റെപ് മൊത്തം ഇറങ്ങേണ്ടി വന്നു. തിരിച്ച് നടക്കുമ്പോൾ കേബിൾ കാർ സ്റ്റാർട്ട് ആയത് കണ്ടു.


 

അവിടുന്ന് നേരെ പോയത് പിച്ചോള തടാകത്തിലെ ബോട്ടിങ്ങിന് ആണ്. തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന താജ് ലേക്ക് പാലസിന്റെയും ജഗ് മന്ദിറിന്റെയും സിറ്റി പാലസ്, അംബ്രായ് ഘട്ട് തുടങ്ങിയവയുടെ ഒക്കെ അടുത്തുകൂടെ അവർ കൊണ്ടുപോയി.


 

രാവിലെ ഒന്നും കഴിക്കാത്തത്കൊണ്ട് അവിടെ അറിയപ്പെടുന്ന സ്വീറ്റ്സ് ഷോപ്പായ ലാലാ മിസ്താൻ ബന്ദറിന്റെ മസ്റ്റ് ട്രൈ ഐറ്റമായ ഗുലാബ് ജാമുൻ കഴിക്കാൻ പോയി. പക്ഷേ അവിടെ എത്തിയപ്പോൾ നിരാശരായി. ഗുലാബ് ജാമുൻ ഉച്ച കഴിഞ്ഞേ കിട്ടൂളു. ഞങ്ങൾ അവിടെ നിൽക്കുമ്പോൾ തന്നെ ഒരു ചേച്ചി വന്നു ഗുലാബ് ജാമുൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലായെന്ന് പറഞ്ഞ് മടക്കി വിട്ടു. ഞങ്ങൾ കേരളത്തീന് വന്നതാണ്, ഇത് കഴിക്കാനായിട്ട് കട തേടിപിടിച്ച് വന്നതാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഒരു പ്ലേറ്റ് മതിയോ എന്ന് ചോദിച്ച് കടയിലെ ബയ്യാ ഞങ്ങളെ അകത്തേക്ക് വിളിച്ചു. ഒരു പ്ലേറ്റിൽ 4 ജാമുൻ ആണുള്ളത്. ഞങ്ങൾ 3 പേര് ഉള്ളതുകൊണ്ട് അവസാനത്തെ ജമ്മുന് വേണ്ടി അടിയായി. ഇതുകണ്ട ബയ്യ ഞങ്ങൾക്ക് ഒരു പ്ലേറ്റ് കൂടി തന്നു. നല്ല സ്നേഹമുള്ള മനുഷ്യർ. രാജസ്ഥാനിലെ ആളുകളുടെ സ്നേഹം ഞങ്ങൾ തിരിച്ചറിയുകയായിരുന്നു.


 

അവിടുന്ന് ഞങ്ങൾ വിന്റേജ് കാർ മ്യൂസിയം കാണാൻ പോയി. ടിക്കറ്റ് റേറ്റ് വിചാരിച്ചതിലും കൂടുതലായത് കൊണ്ട് അവിടെ കയറിയില്ല. പകരം അടുത്തുള്ള ടിബറ്റൻ സ്ട്രീറ്റിൽ പോയി. കുറച്ച് ക്യൂട്ട് കീചെയിനും മറ്റും വാങ്ങണമെന്ന് കരുതി പോയ ഞങ്ങൾക്ക് തെറ്റി. അവിടെ തുണികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.


 

അപ്പോഴേക്ക് ഉച്ചയായി. ഇവിടുത്തെ സ്പെഷ്യൽ ആയ രാജസ്ഥാനി താലി കഴിക്കാൻ ഒരു ഹോട്ടലിൽ കയറി. ഗോതമ്പുണ്ട പോലെയുള്ള 2 ഉണ്ടയും അവലോസുണ്ട പോലെയുള്ള വേറെ ഒരു ഉണ്ടയും പിന്നെ എന്തോ 2 കറിയും ചമ്മന്തി പോലെയുള്ള 2 വിഭവങ്ങളും ആയിരുന്നു വലിയ ഒരു തളികയിൽ തന്നത്.


 

തിരിച്ച് റൂമിൽ പോയി ചെക്ക്ഔട്ട് ചെയ്ത് ബാഗ് ലോക്കറിൽ വച്ച് ഞങ്ങൾ സിറ്റി പാലസ് കാണാനിറങ്ങി. 300 രൂപയാണ് ടിക്കറ്റിന് (2022 Nov). യേ ജവാനി ഹൈ ദിവാനി മൂവി അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. അതുപോലെ മറ്റ് പല ചിത്രങ്ങളും. ഒരുപാട് കാണാനുണ്ട് സിറ്റി പാലസിൽ. ചരിത്രം വല്യ താൽപര്യമില്ലാത്തത്കൊണ്ട് എല്ലാം കണ്ട് നടന്നു.


 

രാത്രി 8:30 ജയ്സാൽമർ പോകാൻ ബസ്സ് ബുക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവിടുന്നിറങ്ങി ഞങ്ങൾ സൺസെറ്റ് കാണാൻ രാവിലെ പോയ കാർണിമാതാ ടെമ്പിളിൽ റോപ്പ് വേ യിൽ കയറി പോകാൻ തീരുമാനിച്ചു. പോകുന്നതിന് മുൻപ് എന്തേലും കഴിക്കാൻ വേണ്ടി രാവിലെ ഗുലാബ് ജാമുൻ കഴിക്കാൻ പോയ അതേ കടയിൽ പോയി. രാവിലെ അവിടെ ഗീവർ എന്ന് പേരുള്ള ഒരു ഐറ്റം കണ്ടായിരുന്നു. ചോദിച്ചപ്പോൾ ഉച്ച കഴിഞ്ഞേ ആകു എന്ന് പറഞ്ഞു. അതുകൊണ്ട് അവിടെ ചെന്നപ്പോൾ അത് വാങ്ങി. ഒരു മധുര പലഹാരമാണത്.


 

അത് കഴിച്ച് ഞങ്ങൾ വീണ്ടും കർണിമാതയുടെ താഴെ എത്തി. ഒരു മണിക്കൂറോളം വെയിറ്റ് ചെയ്തിട്ടാണ് റോപ്പ് വേ യിൽ കയറിയത്. ഈ സമയംകൊണ്ട് സ്റ്റെപ് കേറി പോകാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇനിയിപ്പോ നമ്മൾ അവിടെ ചെല്ലുമ്പോഴേക്ക് സൂര്യൻ ആളുടെ പാട്ടിന് പോയിട്ടുണ്ടാകും. വിചാരിച്ചത് പോലെ സൂര്യൻ പോയി. പക്ഷേ ആകാശം നല്ല കളർഫുൾ ആയിരുന്നു. കുറച്ച് നേരം ഇരുന്നപ്പോൾ ഉദയ്പൂർ മുഴുവൻ ഇരുണ്ട വെളിച്ചത്തിൽ തിളങ്ങുന്നത് കണ്ടു. തിരിച്ച് റോപ്പ് വേ ഇൽ ഇറങ്ങാൻ നോക്കിയപ്പോൾ വീണ്ടും 1 hour വെയ്റ്റിംഗ് ടൈം കാണിച്ചതുകൊണ്ട് സ്റ്റെപ് ഇറങ്ങി താഴെ വന്ന് ഓട്ടോ വിളിച്ച് ഗോസ്റ്റോപ്സിൽ ബാഗ് എടുക്കാൻ പോയി. ആ ഓട്ടോയിൽ തന്നെ അയാൾ ഞങ്ങളെ ബസ്സ് സ്റ്റോപ്പിൽ എത്തിച്ചു. അങ്ങനെ 2 ദിവസത്തെ ഉദയ്പൂർ കറക്കം കഴിഞ്ഞ് ജയ്സാൽമിറിലേക്ക്.


 

✨✨✨✨✨✨✨✨✨✨✨✨✨✨

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼


 


 

Day 3

Jaisalmer - The Golden City


 

ജയ്സാൽമീർ പോകുമ്പോൾ അവിടുത്തെ മരുഭൂമിയിൽ താമസിക്കാൻ വേണ്ടി ഒരു ടെന്റ് സ്റ്റേ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. രാവിലെ അവിടെ എത്തിയ ഞങ്ങളെ കാത്ത് താമസസ്ഥലത്തെ ബയ്യാ നിൽകുന്നുണ്ടായിരുന്നു. ജയ്സാൽമീർ കോട്ടയുടെ അടുത്തായിട്ട് തന്നെ അവർക്ക് മറ്റൊരു ഹോട്ടൽ ഉണ്ട്. അവിടെ കൊണ്ടുപോയി ഫ്രഷ് ആയി വന്നപ്പോഴേക് നല്ല മസാല ചായ് റെഡി ആയിരുന്നു. ചായ കുടിച്ചിട്ട് ഞങ്ങൾ കോട്ട കാണാനിറങ്ങി. ഹോട്ടലിൽ നിന്ന് നടക്കാനുള്ള ദൂരമേ ഉള്ളു. 2 പെൺകുട്ടികൾ തന്നെ നടക്കുന്നത് കണ്ടിട്ട് വഴി തെറ്റി നടക്കുന്നതാണെന്ന് കരുതി റോഡ് സൈഡിൽ ഉണ്ടായിരുന്ന ബയ്യാ എങ്ങോട്ടാ പോകുന്നതെന്ന് ചോദിച്ചു. കോട്ട കാണാൻ ആണെന്ന് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് നേരെ പോയാൽ മതിയെന്ന് പറഞ്ഞു.


 

കോട്ടയുടെ മുൻവശത്തായി ഒരു തട്ടുകടയുടെ മുന്നിലെ തിരക്ക് കണ്ടിട്ട് ഞങ്ങൾ പോയി നോക്കി. എല്ലാവരും ഒരേ സാധനം ആണ് കഴിക്കുന്നത്. എന്താണെന്ന് ഒന്നും മനസിലായില്ലെങ്കിലും അടുത്തുണ്ടായിരുന്ന ഒരാളുടെ പ്ലേറ്റ് ചൂണ്ടികാണിച്ച് അതും പിന്നെ ഒരു ഗ്ലാസ്സ് ബട്ടർമിൽക്ക് അഥവാ നമ്മുടെ മോരും വാങ്ങി. ഒരുതരം റൊട്ടിയുടെ മുകളിൽ ഉള്ളി, തക്കാളി തുടങ്ങിയവ ഇട്ട് ഉണ്ടാകുന്ന ഒരു വിഭവം ആയിരുന്നത്. പിന്നീട് ഞങ്ങൾ ഗൂഗിൾ നോക്കി പേര് കണ്ടുപിടിച്ചു - ദാൽ പക്വാൻ.


 

UNESCO പൈതൃക പട്ടികയിൽ ഉൾപ്പെടിത്തിയിട്ടുള്ള ജയ്സാൽമിർ കോട്ട ലോകത്തിലെ തന്നെ ഏക living fort കൂടിയാണ്. അതിനാൽ ഒരുപാട് സാധാരണക്കാർ ഇവിടെ താമസിക്കുന്നുണ്ട്. കോട്ടയുടെ പലസ്ഥലത്തായി ആളുകൾ മ്യൂസിക്കൽ instruments വായിക്കുന്നതും പാട്ടുപാടുന്നതും കാണാം. അതൊക്കെ അവരുടെ ഉപജീവനമാർഗമാണ്. അതുപോലെ കുറെ കടകളും കച്ചവടക്കാരെയും കാണാം. അകത്ത് കയറി ഇനി എങ്ങോട്ട് പോകണമെന്ന് അറിയാതെ ഞങ്ങൾ പല വഴി നടന്ന് നോക്കി. എല്ലാവരുടെയും വീടിന്റെ മുൻഭാഗം കടകൾ ആണ്. തുണിത്തരങ്ങളും ആഭരണങ്ങളും മറ്റ് സാധനങ്ങളും വിൽക്കാൻ വച്ചിട്ടുണ്ട്. ഫോർട്ട് ചുറ്റിനടന്ന് കണ്ട് ഞങ്ങൾ ഒരു വ്യൂപോയന്റിൽ എത്തി. എവിടെ നോക്കിയാലും മണലിന്റെ സ്വർണ്ണ നിറമായത് കൊണ്ടാണ് ഇവിടം golden city എന്നറിയപ്പെടുന്നത്. കെട്ടിടങ്ങൾക്കും ഈ നിറമാണ്. എവിടെയും പെയിൻറ് അടിച്ചു കണ്ടിട്ടില്ല. 360 ഡിഗ്രി വ്യൂ കിട്ടുന്ന ഇവിടെ നിന്ന് നോക്കിയാൽ ഒരുപാട് കാറ്റാടി പാടങ്ങൾ കാണാം. ആദ്യമായിട്ടാണ് ഇത്രേയധികം കാറ്റാടികൾ ഒരുമിച്ച് കാണുന്നത്.


 

വീണ്ടും നടന്ന ഞങ്ങൾ ഒരു അമ്പലത്തിന്റെ മുന്നിലെത്തി. അകത്ത് കയറണമെങ്കിൽ ഷൂസ് ഒക്കെ അഴിച്ച് ഫോണും ക്യാമറയും മറ്റും പുറത്തേൽപ്പിക്കണം. അതിനാൽ കയറിയില്ല. ഇവിടുത്തെ കെട്ടിടങ്ങളുടെ ചുവരിലും മറ്റും ചെയ്ത കൊത്തുപണികൾ കാണാൻ നല്ല ഭംഗിയാണ്. കുറെ നേരമായി വെയിലും കൊണ്ട് നടക്കുന്നു. അതിനാൽ ക്ഷീണം മാറാൻ കോട്ടയുടെ ഉള്ളിൽ തന്നെ ഉണ്ടായിരുന്ന ഒരു കഫേ ഇൽ കയറി. തണുത്ത ജ്യൂസ് ഒക്കെ ഓർഡർ ചെയ്തു കഴിഞ്ഞാണ് അറിയുന്നത് വൈദ്യുതി ഇല്ലാത്ത കാര്യം. കുറെ നേരം ഇരുന്നിട്ടും വൈദ്യുതി വരാത്തത് കൊണ്ട് ഞങ്ങൾ പോകാനിറങ്ങി. അപ്പോൾ അതിന്റെ മുതലാളി വന്നിട്ട് ഒരു ചായ കുടിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു. ചായയുടെ കാശ് കൊടുത്തപ്പോൾ പുള്ളി അത് സ്നേഹത്തോടെ നിരസിച്ചു.


 

അവിടുന്ന് ഞങ്ങൾ patwon ki haweli യിലേക്കാണ്. അങ്ങോട്ടുള്ള വഴിയിൽ ആണ് കോട്ടയുടെ അടുത്തുള്ള പ്രശസ്തമായ ഭാംഗ് കിട്ടുന്ന സ്ഥലമുള്ളത് ഓർത്തത്. Doctor cafe എന്നാണ് പേര്. 150 മുതൽ ഭാംഗ് കിട്ടും. ഞങ്ങൾ മിൽക്ക് ഭാംഗ് ആണ് വാങ്ങിയത്. ഒരു തവണ try ചെയ്യാവുന്ന ഒരു item ആണിത്.

ഭാംഗ്കുടിച്ച് നടക്കുമ്പോളാണ് dhanraj ranmal bhatia എന്ന കട കാണുന്നത്. നല്ല തിരക്കുള്ള ഈ കടയിൽ ഒരുപാട് variety sweets ഉണ്ട്. ജിലേബി ഉണ്ടാക്കുന്നത് കണ്ടിട്ടാണ് അങ്ങോട്ട് കയറിയത്. അങ്ങനെ ജിലേബിയുടെ കൂടെ വീട്ടിലേക്ക് കുറച്ച് sweets ഉം വാങ്ങി. നല്ല soft ആയിട്ട് വായിൽ വെക്കുമ്പോഴേ അലിഞ്ഞ് പോകുന്ന ഈ sweets മധുരപ്രിയർ ആയ എല്ലാർക്കും ഇഷ്ടാകും.


 

രാജസ്ഥാനിലെ ആദ്യത്തെതും ഏറ്റവും വലുതുമായ patwon കി ഹവേലി 1800-കളുടെ തുടക്കത്തിൽ ജയ്‌സാൽമീറിൽ നിന്നുള്ള ഒരു സമ്പന്ന വ്യാപാരിയായിരുന്ന ഗുമാൻ ചന്ദ് പട്‌വയാണ് നിർമ്മിച്ചത്. അവരുടെ കുടുംബം സ്വർണ്ണ, വെള്ളി എംബ്രോയ്ഡറി ത്രെഡുകളുടെ പ്രശസ്തമായ ഡീലർമാരിൽ ഒരാളാണെന്ന് പറയപ്പെടുന്നു.


 

ഹവേലി കണ്ടു നടക്കുമ്പോൾ ബയ്യാ വിളിച്ചു. മരുഭൂമിയിലെ താമസസ്ഥലത്തേക്ക് പോകാൻ വണ്ടി വന്നിട്ടുണ്ട്. ഹോട്ടലിൽ ചെന്ന് ബാഗ് എടുത്ത് ഞങ്ങൾ കാറിൽ കയറി. ഇവിടുന്ന് ഏതാണ്ട് 50km ഓളം ദൂരമുണ്ട് അങ്ങോട്ട്. കൂടുതൽ ദൂരവും നേരെയുള്ള റോഡാണ്.


 

അങ്ങോട്ടുള്ള വഴിയിൽ ഞങ്ങൾ പ്രേതനഗരമെന്ന് അറിയപ്പെടുന്ന കുൽദാര വില്ലേജ് കാണാൻ പോയി. ഏതാണ്ട് 200 വർഷം മുൻപ് ഒറ്റരാത്രി കൊണ്ട് ഒരു ഗ്രാമത്തിലെ മുഴുവൻ ആൾക്കാരെയും കാണാതായി. അവർ എങ്ങോട്ട് പോയെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നോ ആർക്കും അറിയില്ല. ദുഷ്ട പ്രധാനമന്ത്രിയായ സലിം സിംഗ് ഗ്രാമത്തലവന്റെ മകളിൽ തന്റെ ദൃഷ്ടി പതിപ്പിക്കുകയും അവളുടെ സമ്മതത്തോടെയോ അല്ലാതെയോ താൻ അവളെ വിവാഹം കഴിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. പ്രേതങ്ങൾ ഉണ്ടെന്ന് പറയുന്ന ഈ ഗ്രാമത്തിൽ രാത്രി പ്രവേശനമില്ല. ഒരുപാട് ആളുകൾ ഇപ്പോൾ ഇത് കാണാൻ വരുന്നതുകൊണ്ട് അത് ഒരു tourist destination ആയി മാറിയിട്ടുണ്ട്. അതിനാൽ അവർ അവിടം മോടി പിടിപ്പിക്കുന്നുണ്ട്. കൂടാതെ പഴയ കെട്ടിട അവശിഷ്ടങ്ങളുടെ ഇടയിൽ പുതിയ കെട്ടിടങ്ങൾ പൊളിച്ചിട്ടത്പോലെ കണ്ടു.


 

അവിടുന്നിറങ്ങി ഞങ്ങൾ മരുഭൂമി കാണാനും അവിടെ ജീപ്പ് സഫാരിയും ഒട്ടക സഫാരി ചെയ്യാനുമാണ് പോയത്. റോഡ്സൈഡിൽ അതുവരെ യാത്ര ചെയ്ത കാർ ഒതുക്കിയിട്ട് അവിടുന്ന് ജീപ്പിലാണ് മരുഭൂമിയിലേക്ക് കൊണ്ടുപോയത്.

മരുഭൂമിയിലെ ജീപ്പ് സഫാരി ഒന്ന് ചെയ്യേണ്ടത് തന്നെയാണ്. നല്ല സ്പീഡിൽ വളഞ്ഞും തിരിഞ്ഞും വേറെ ജീപ്പ് അടുത്തുകൂടെ വരുമ്പോൾ വെട്ടിച്ചും ഡ്രൈവർ അയാളുടെ skills തെളിയിക്കുന്നുണ്ട്. ആ ജീപ്പിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു roller coaster ride കഴിഞ്ഞ് വരുന്ന ഒരു ഫീലാണ്.


 

അങ്ങനെ നമ്മൾ ആദ്യമായി മരുഭൂമിയിലും കാലു കുത്തി. മഞ്ഞ് കണ്ട് സന്തോഷിച്ച പോലെ ഞാൻ മണൽ കണ്ടപ്പോഴും തുള്ളിചാടി. കുറെ മണൽ വാരി എറിഞ്ഞു. കാറ്റിൽ മണൽ പറക്കുന്നത് കാണാൻ രസമാന്നേലും കണ്ണിൽ മണൽ പോകുമ്പോ ആ രസം മാറിക്കോളും 😂😂


 

നടക്കുമ്പോൾ കാല് ചെറുതായിട്ട് മണലിൽ താഴുന്നുണ്ട്. വിചാരിക്കുന്നപോലെ അത്ര എളുപ്പമല്ല മണലിൽ നടക്കുന്നത്. ഇട്ടിരിക്കുന്ന ഷൂസിൽ നിറയെ മണലാണ്. കുറച്ച് നടന്ന് ഞങ്ങൾ ഒട്ടകങ്ങളുടെ അടുത്തെത്തി. ബയ്യാ ഞങ്ങളെ ഒരു ഒട്ടകത്തിന്റെ അടുത്ത് കൊണ്ടുപോയി. ആ ഒട്ടകത്തിന്റെ മുതലാളിക്ക് കൂടിപ്പോയ ഒരു 5,6 വയസ്സ് കാണും. ഈ ചെറിയ ചെക്കനാണ് ഞങ്ങളെ സവാരിക്ക് കൊണ്ടുപോകുന്നത്. മുട്ടുമടക്കി മണലിൽ ഇരിക്കുന്ന ഒട്ടകത്തിന്റെ പുറത്ത് കയറി പുറകിലേക്ക് ചാഞ്ഞിരിക്കണം. അല്ലെങ്കിൽ ഒട്ടകം എണീക്കുമ്പോ നമ്മൾ മണലിൽ ആയിരിക്കും. ഞാൻ മുന്നിലും അഞ്ജലി പുറകിലുമായിട്ടാണ് ഇരിക്കുന്നത്. ഒട്ടകം എണീക്കാൻ നേരം ഒന്ന് പേടിച്ചു. എങ്ങാനും താഴെ വീണാലോയെന്ന് പേടിച്ച് ഒട്ടക സഫാരി ചെയ്യുമ്പോ sunset വീഡിയോ എടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. തിരിച്ചെത്തി ഭൂമിയിൽ കാലുകുത്തിയപ്പോഴാണ് സമാധാനമായത്. എങ്കിലും ആ സഫാരി ഞങ്ങൾ ഒരുപാട് ആസ്വദിച്ചു.


 

കുറച്ച് നേരം അസ്തമയവും ഒട്ടക സഫാരിയും ജീപ്പ് സഫാരിയും hot air balloon എല്ലാം നോക്കി ആ മണലിൽ ഇരുന്നു. അവിടുന്ന് ഞങ്ങൾ campsite ലേക്ക് പോയി. എനിക്കും അഞ്ജലിക്കും കൂടി ഒരു വല്യ മുറിയുടെ വലിപ്പമുള്ള ടെന്റാണ് കിട്ടിയത്. അതിനോട് ചേർന്ന് attached bathroom ഉം ഉണ്ട്. അവിടെ മരുഭൂമിയിൽ ഉള്ള ടെന്റുകളുടെ ബേസ് കല്ലും സിമന്റും ഇട്ട് ഉറപ്പിച്ചിട്ട് ചുവര് കട്ടിയുള്ള ഷീറ്റ് കൊണ്ട് മറച്ചാണ് നിർമിച്ചിട്ടുള്ളത്. ഫ്രഷ് ആയി വന്നപ്പോഴേക്ക് ചെറിയ രീതിയിലുള്ള cultural പ്രോഗ്രാംസ് തുടങ്ങിയിരുന്നു.


 

രാജസ്ഥാനിന്റെ സ്വന്തം ഗൂമരും ചാരി എന്ന് പറയുന്ന തലയിൽ കുടം വച്ചുള്ള ഡാൻസും ഉണ്ടായിരുന്നു. അത് കാണുമ്പോൾ കൊറിക്കാനായിട്ട് അവർ എന്തോ കപ്പ വറുത്തത് പോലെയുള്ള ഒരു ഐറ്റം തന്നു. കൂടെ ചായയും. ഗുജറാത്ത് മദ്യരഹിത സംസ്ഥാനമായത്തിനാൽ weekend രാജസ്ഥാനിൽ ആഘോഷിക്കാൻ ഒരുപാട് ആളുകൾ വരാറുണ്ട്. അതുപോലെ വന്ന ഒരു ഗുജറാത്ത് ടീം അവിടെ ഉണ്ടായിരുന്നു. ഒരു ബസ്സ് നിറയെ ആൾക്കാർ ആയിട്ട് വന്ന അവർ ഡാൻസ് ഒക്കെ കഴിഞ്ഞ് ഫുഡും കഴിച്ചിട്ട് മടങ്ങി. അന്ന് അവിടെ തങ്ങാൻ ഞങ്ങൾ 2 ഉം പിന്നെ വയനാട്കാരൻ അശ്വിനും വേറെ 2,3 പേരും മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഫുഡ് കഴിച്ചിട്ട് ഞങ്ങൾ കുറെ നേരം പുറത്ത് ആകാശം നോക്കി ഇരുന്നു. അപ്പോഴാണ് ഞങ്ങൾ അത് ശ്രദ്ധിക്കുന്നത്. ചന്ദ്രന്റെ ചുറ്റും ഒരു വലയം. പിനീടാണ് അതാണ് halo പ്രതിഭാസമെന്ന് മനസിലായത്. മരുഭൂമിയിൽ ആണേലും രാത്രി തണുപ്പിന് കുറവൊന്നുമില്ല.


 

✨✨✨✨✨✨✨✨✨✨✨✨✨✨


 

Day 4

Jaisalmer


 

രാവിലെ എണീറ്റ് പറ്റിയാൽ ഒരു sunrise ജീപ്പ് സവാരി കൂടി സെറ്റ് ആക്കണമെന്ന് ഉണ്ടായിരുന്നു. അതുകൊണ്ട് നേരത്തെ തന്നെ ഞങ്ങൾ എണീറ്റു. സൂര്യൻ ഉദിച്ചിട്ടില്ല. എങ്കിലും ചെറിയ വെട്ടമുണ്ട്. അവരോട് സഫാരിയുടെ കാര്യം ചോദിച്ചപ്പോൾ വണ്ടി ഉണ്ട് പക്ഷേ ഡ്രൈവർ ഇല്ല. കുറച്ച് കഴിയുമ്പോൾ വരും അപ്പോൾ നോക്കാമെന്ന് പറഞ്ഞു. അതുകൊണ്ട് ഞങ്ങൾ ചുമ്മാ നടക്കാൻ ഇറങ്ങി. കുറെ ദൂരം ചെന്നപ്പോൾ സൂര്യൻ ഉദിച്ചു വരുന്നത് കണ്ടു. അടുത്ത് ഒരു ചെറിയ കുന്ന് കണ്ടപ്പോൾ അവിടെ പോയാൽ നല്ല വ്യൂ കിട്ടുമെന്ന് കരുതി അങ്ങോട്ട് നടന്നു. പക്ഷേ വിചാരിച്ച അത്ര ഭംഗി അവിടുന്നില്ല. അതുകൊണ്ട് ഞങ്ങൾ തിരിച്ച് നടന്നു. 7 മണി ആകുമ്പോൾ ഡ്രൈവർ വരുമെന്നാണ് പറഞ്ഞത്.


 

അങ്ങനെ ഡ്രൈവർ ഞങ്ങളേംകൊണ്ട് വീണ്ടും മരുഭൂമിയിലേക്ക് പോയി. പോകുന്ന വഴി നല്ല കിടിലൻ സൺറൈസ് കണ്ടു. മരുഭൂമിയിൽ എത്തിയപ്പോഴും സൂര്യൻ നല്ല ഭംഗിയിൽ നിൽകുന്നുണ്ട്. വീണ്ടും കുറെ ഫോട്ടോസ് ഒട്ടകത്തിന്റെ കൂടെയും അല്ലാതെയും ഒക്കെ എടുത്തു. അവിടുന്ന് ഒരു ചായ കുടിച്ചിട്ട് തിരിച്ച് പോന്നു. breakfast ഒക്കെ കഴിച്ച് ബാഗും പാക്ക് ചെയ്ത് ഞങ്ങൾ അവിടുന്നിറങ്ങി. ബയ്യാ ഞങ്ങളെ തിരിച്ച് ജയ്സാൽമർ ടൗണിൽ ജോധ്പൂരിലേക്ക് ഉള്ള ബസ്സ് സ്റ്റോപ്പിൽ ഇറക്കി.


 


 

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼


 

Day 4

Jodhpur - The Blue City (Sun city)


 

3 മണി കഴിഞ്ഞപ്പോൾ ജോധ്പൂർ എത്തിയ ഞങ്ങൾ ഒരു ഓട്ടോ വിളിച്ച് റൂമിലെത്തി. mehrangarh ഫോർട്ടിന്റെ അടുത്തായിട്ടാണ് റൂം ബുക്ക് ചെയ്തത്. നടക്കാനുള്ള ദൂരമേ ഉള്ളൂ. അതുകൊണ്ട് ഗൂഗിൾ മാപ്പിൽ ലോക്കേഷൻ ഇട്ടിട്ട് ഞങ്ങൾ നടക്കാൻ തുടങ്ങി. അവിടുന്ന് ഒരു right എടുത്താൽ 200 മീറ്ററിൽ താഴെയെ കോട്ടയിലേക്ക് ഉണ്ടാകൂ. ഗല്ലികളുടെ ഇടയിലൂടെ പോകേണ്ടതുകൊണ്ട് ഞങ്ങൾ ഒരു ധൈര്യത്തിന് റോഡ്സൈഡിൽ ഉണ്ടായിരുന്ന ചേട്ടനോട് വഴി ചോദിച്ചു. അയാൾ ആണേൽ മൊത്തം നെഗറ്റീവ്സ്, അതിലെ പോകേണ്ട അവിടെ മോഷ്ടാക്കളുണ്ട് safe അല്ലാ. നിങ്ങൾ നേരെ ഉള്ള വഴി പോയാൽ മതി എന്ന് പറഞ്ഞു. അതും കേട്ട് ഞങ്ങൾ നേരെ നടക്കാൻ തുടങ്ങി. പക്ഷേ കോട്ടയിലേക്കുള്ള വഴി മാത്രം കാണുന്നില്ല. കുറെ ദൂരം മുന്നിലേക്ക് പോയി.


 

ഞങ്ങൾ നടന്ന് തുടങ്ങിയപ്പോൾ തൊട്ട് അടുത്തായിട്ട് ഉണ്ടായിരുന്ന കോട്ട ഇപ്പോൾ കുറെ ദൂരെയാണ്. നേരം വൈകിയത്കൊണ്ട് ഒരു ഓട്ടോ വിളിച്ച് പോകാമെന്ന് കരുതി നോക്കുമ്പോൾ അവിടെയെങ്ങും ഒരു ഓട്ടോയും കാണാനില്ല. ഇനിയിപ്പോ എന്ത് ചെയ്യുമെന്ന് ഓർത്ത് വഴി പറഞ്ഞ് തന്നയാളെ കോറെ തെറിയും വിളിച്ച് ഞങ്ങൾ നേരെ തന്നെ നടന്നു. കുറെ ചെന്നപ്പോൾ ഒരു ഓട്ടോ കണ്ടു. അയാൾ ഞങ്ങളെ കോട്ടയിൽ എത്തിച്ചു. 5 മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ അകത്ത് കയറാൻ പറ്റില്ലായിരുന്നു. അങ്ങനെ കോട്ട അടക്കുന്നതിന് 5 മിനിറ്റ് മുമ്പ് ഞങ്ങൾ അകത്ത് കയറി. ലേറ്റ് ആയത്കൊണ്ട് elavator ഇൽ കയറി മുകളിൽ പോകാനുള്ള 50 rs ടിക്കറ്റ് എടുത്ത് ചുമ്മാ നോക്കിയപ്പോഴാണ് അത് കാണുന്നത്.


 

ടിക്കറ്റിൽ വെണ്ടക്ക അക്ഷരത്തിൽ അത് എഴുതി വച്ചേക്കുന്നു. At users risk 😱 എന്ന് വച്ചാൽ

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ elavatorഇൽ വച്ച് എന്തെങ്കിലും അപകടം ഉണ്ടായാൽ അത് നമ്മടെ മാത്രം ഉത്തരവാദിത്വമാണ്. ഇനിയിപ്പോ സ്റ്റെപ് കയറി മുകളിൽ എത്താൻ സമയമില്ലതോണ്ട് ഞങ്ങൾ പേടിച്ച് പേടിച്ച് ആ ലിഫ്റ്റ് ഇൽ കയറി. വലിയ ശബ്ദത്തോടെ ചെറുതായിട്ട് കുലുങ്ങി കുലുങ്ങി വണ്ടി sorry ലിഫ്റ്റ് മുകളിൽ എത്തിയപ്പോൾ പുറത്തേക്ക് ഒരു ചാട്ടമായിരുന്നു ഞങ്ങൾ. അവിടുന്ന് blue സിറ്റിയെന്നും sun സിറ്റിയെന്നും അറിയപ്പെടുന്ന ജോധ്പൂർ മൊത്തത്തിൽ കാണാം. പണ്ട് മുഴുവൻ നീല നിറത്തിൽ പെയിന്റ് അടിച്ച പല വീടുകളും ഇപ്പോ വെള്ള നിറമാണ്.


 

കോട്ടയുടെ ചുവരുകളിലെ കൊത്തുപണികൾ വളരെ മനോഹരമാണ്. ഹിസ്റ്ററി വല്യ താല്പര്യമില്ലാത്ത ഞങ്ങൾ ഫോർട്ട് മുഴുവൻ ഓടി നടന്ന് കണ്ട് പുറത്തേക്കിറങ്ങി. sunset time ആയിട്ടുണ്ട്. അതുകൊണ്ട് അസ്തമയം നല്ലോണം കാണാൻ പറ്റുന്ന ഒരു സ്ഥലം നോക്കി പോയി. രാജസ്ഥാനിൽ വന്നപ്പോൾ മുതൽ നല്ല അടിപൊളി sunrise & sunset മിക്ക ദിവസങ്ങളിലും കാണാൻ പറ്റുന്നുണ്ട്.


 

അവിടുന്ന് തിരിച്ചിറങ്ങാൻ നേരം കോട്ടയുടെ സൈഡിൽ പാട്ടുപാടാൻ ഇരിക്കുന്ന ബയ്യയേ കണ്ടു. നമ്മൾ മലയാളികൾ ആണെന്ന് മനസ്സിലായപ്പോ മൂപ്പർ മലയാളം പാട്ടുകൾ പാടാൻ തുടങ്ങി. കുട്ടനാടൻ പുഞ്ചയിലെ പാട്ടൊക്കെ പുള്ളി നമ്മൾക്ക് വേണ്ടി പാടി തന്നു.


 

തിരിച്ചിറങ്ങാൻ നേരം ഞങ്ങൾ കോട്ടയിലേക്ക് വരാൻ വേണ്ടി ചോദിച്ച വഴി കണ്ടു. കള്ളന്മാർ ഒക്കെ ഉണ്ടാകുമെന്ന് പേടിച്ച വഴിയിൽക്കൂടെ വേറെയും ആളുകൾ തിരിച്ചിറങ്ങുന്നത് കണ്ടപ്പോൾ ഞങ്ങളും ആ വഴി ഇറങ്ങി. ഇരുട്ടി തുടങ്ങിയെങ്കിലും ഞങ്ങൾ പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല. ചെറിയ കുട്ടികൾ ഒക്കെ അവിടെ കളിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവരോട് സംസാരിക്കുന്നത് കേട്ടിട്ട് വീട്ടിലെ ആളുകൾ വന്നുനോക്കി ഞങ്ങളോട് വളരെ സ്നേഹത്തോടെ സംസാരിച്ചു. തിരിച്ച് റൂമിലെത്തി rooftop cafe ഇൽ പോയി ഫുഡ് കഴിച്ച് കുറെ നേരം അവിടിരുന്നു.


 

✨✨✨✨✨✨✨✨✨✨✨✨✨✨


 

Day 5

Jodhpur


 

അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ ജോധ്പൂർ സിറ്റി കാണാനിറങ്ങി. ആദ്യം പോയത് നീല നിറത്തിലുള്ള കെട്ടിടങ്ങൾ കാണാനാണ്. അതുകൊണ്ട് തന്നെ twinning ആകാൻ വേണ്ടി ഞാൻ അന്ന് ഡൽഹിയിൽ നിന്ന് വാങ്ങിയ നീല പാന്റ് ആണിട്ടത്. നടന്ന് നടന്ന് ഞങ്ങൾ ഏതൊക്കെയോ വീടിന്റെ അടുത്തെത്തി. അവർക്കൊരു ബുദ്ധിമുട്ടാകേണ്ട എന്നുകരുതി പെട്ടന്ന് കുറച്ച് ഫോട്ടോസ് എടുത്തിട്ട് ഞങ്ങൾ തിരിച്ച് നടന്നു. അങ്ങനെ ഞങ്ങൾ Toorji ka jhalra എന്ന stepwell ന്റെ അടുത്തെത്തി. അതിൽ ആളുകൾ നീന്തുന്നുണ്ടായിരുന്നു. step ഇറങ്ങി താഴെയെത്തിയപ്പോഴാണ് വെള്ളത്തിൽ നിറയെ വല്യ വല്യ മീനുകളെ കാണുന്നത്. എന്തോരം മീനാ. പിടിച്ച് കൊണ്ടുപോയി fry ചെയ്യാം 😂


 

ഫുഡിന്റെ കാര്യം പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു വിശപ്പിന്റെ വിളി വന്നു. ഞങ്ങളുടെ യാത്രയിൽ എല്ലാം തന്നെ ഒന്നോ രണ്ടോ നേരമേ heavy ആയിട്ട് ഒരു ദിവസം ഭക്ഷണം കഴിക്കൂ. ബാക്കി ഒക്കെ ചായയും വെളളവുമാണ്. പിന്നെ കയ്യിൽ എന്തെങ്കിലും മിട്ടായി കരുതും. അതും കഴിക്കും. ഇന്ന് രാവിലെ ഒന്നും കഴിച്ചില്ല ഉച്ചക്ക് പുഷ്കറിലേക്ക് ബസ്സ് കയറാനുള്ളതാണ്. അതുകൊണ്ട് എന്തേലും കഴിക്കാമെന്ന് കരുതി ഒരു art cafe ഇൽ കയറി. അവിടെ ഒരുപാട് പുരാവസ്തുക്കൾ വില്പനയ്ക്കായി വച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ ചായയും bread toast ഉം ഓർഡർ ചെയ്തു.


 

എന്നിട്ട് ഞങ്ങൾ പോയത് ghanta ghar എന്ന ക്ലോക്ക് ടവർ കാണാനാണ്. stepwell ന്റെ അടുത്തായിട്ടാണ് ക്ലോക്ക് ടവർ. അതുകൊണ്ട് എല്ലാം നടന്നു തന്നെ കണ്ടു. തിരിച്ച് റൂമിൽ പോയി ബാഗ് എടുത്ത് പുഷ്കർ പോകാനുള്ള ബസ്സ് സ്റ്റാൻഡിൽ എത്തി.


 

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼


 

Day 5

Pushkar


 

ഓൺലൈൻ വഴി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ ആ സ്റ്റാൻഡിൽ എവിടെയും ആ ബസ്സ് കാണാനില്ല. കുറെ നേരം അതിലെ മുഴുവൻ തപ്പി നടന്ന് നമ്മൾ പോകുന്ന ബസ്സിന്റെ അടുത്തെത്തി. നല്ല തിരക്കുണ്ടായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തതുകൊണ്ട് കണ്ടക്ടർ നമ്മുടെ സീറ്റിൽ ഇരുന്നവരെ എണീപ്പിച്ചു. വലിയ റക്ക്സാക്ക് ബാഗും തൂക്കി സീറ്റിന്റെ അടുത്ത് എത്തുന്നത് ഒരു ടാസ്ക് ആയിരുന്നു. രാജസ്ഥാനി വേഷം ധരിച്ച സ്ത്രീകൾ ആയിരുന്നു കൂടുതലും. അവർ അവരുടെ ഭാഷയിലുള്ള നാടൻ പാട്ടുകൾ പാടുന്നുണ്ടായിരുന്നു. ബസ്സിൽ ഉണ്ടായിരുന്ന മറ്റുള്ളവരും അവരുടെ കൂടെ കൂടി. അങ്ങനെ ഏകദേശം 4 മണിക്കൂർ യാത്രക്കൊടുവിൽ നമ്മൾ പുഷ്കർ എത്തി. ആ 4 മണിക്കൂർ ഞങ്ങൾ ശരിക്കും enjoy ചെയ്തു.


 

പുഷ്കർ മേള നടക്കുന്ന ground ന്റെ അടുത്ത് തന്നെയുള്ള ഒരു ഹോട്ടലിൽ ആണ് റൂം ബുക്ക് ചെയ്തത്. അങ്ങോട്ട് പോകാനുള്ള ഓട്ടോ അന്വേഷിച്ച് ഞങ്ങൾ അടുത്ത് കണ്ട പോലീസ്കാരനെ സമീപിച്ചു. മേളയുടെ തിരക്ക് കാരണം ഓട്ടോ ഒന്നും കിട്ടില്ലെന്ന് പുള്ളി പറഞ്ഞത് കേട്ട് ഞങ്ങൾ ഗൂഗിൾ മാപ്പിൽ location ഇട്ട് നടക്കാൻ തുടങ്ങി. പല റോഡുകളും ബ്ലോക്ക് ആയത്കൊണ്ടാണെന്ന് തോന്നുന്നു നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല.


 

അങ്ങനെ ഞങ്ങൾ ചോദിച്ചു ചോദിച്ച് പോകാമെന്നുള്ള തീരുമാനത്തിൽ എത്തി. അതിൽ ഒരു ബയ്യ ഞങ്ങളെ correct ആയിട്ട് റൂമിൽ എത്തിച്ചിട്ട് തിരിച്ച് പോയി. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന നന്മകൾ 🥰.


 

നല്ല കളർഫുൾ ആയിട്ടുള്ള ഒരു ഹോട്ടലിൽ ആണ് നമ്മൾ റൂം ബുക്ക് ചെയ്തത്. റൂമിൽ എത്തി fresh ആയി മുകളിലെ rooftop കഫേയിൽ പോയി welcome ചായ കുടിച്ചു. ഇവിടെ നിന്നാൽ ഒരു സൈഡ് ഇൽ പുഷ്കർ തടാകവും മറ്റേ സൈഡിൽ മേള നടക്കുന്ന ഗ്രൗണ്ടും കാണാം. സൂര്യൻ അസ്തമിക്കാറായി. അതുകൊണ്ട് ഈ ട്രിപ്പ് പ്ലാൻ ചെയ്യാൻ കാരണമായ തുടക്കത്തിൽ സൂചിപ്പിച്ച “കറക്കം” ബുക്കുമായി ഞങ്ങൾ വേഗം ഗ്രൗണ്ടിലേക്ക് പോയി.


 

എന്താലെ ഒരു ബുക്ക് വായിച്ചിട്ട് അതിൽ പറഞ്ഞ ഒരു സ്ഥലത്തേക്ക് ട്രിപ്പ് പോകുന്നത്. അതും ഈ പുഷ്കർ മേള കാണാനായിട്ട് നാട്ടിൽ നിന്ന് ഇത്രയും ദൂരം, മുൻപ് ഒറ്റയ്ക്ക് പോയി പരിചയമില്ലാത്ത 2 girls, ആരുടെയും സഹായമില്ലാതെ രാജസ്ഥാൻ മുഴുവൻ ഒരു backpacking ട്രിപ്പിലൂടെ complete ചെയ്യുന്നത്. കേൾക്കുന്നവർക്ക് ചിലപ്പോൾ നിസ്സാരം ആയിരിക്കും. but ഞങ്ങൾക്ക് ഇതൊരു വലിയ achievement ആണ്.


 

കറക്കം ബുക്കും പിടിച്ച് കുറച്ച് ഫോട്ടോസും വീഡിയോസും ഒക്കെ എടുത്തു. നാട്ടിലെ മേളക്ക് പോലും പോയിട്ടില്ലാത്ത ഞാൻ ഇത്രയും വലിയ ഒരു മേളയിൽ പങ്കെടുക്കുന്നതിന്റെ excitement ഇൽ ആയിരുന്നു. നാട്ടിൽ ഒക്കെ മേളയിൽ ഒരു giant wheel ആയിരിക്കും ഉണ്ടാവുക. പക്ഷേ ഇവിടെ ഏതാണ്ട് 10 giant wheel ഉം അതുപോലെ കുറെ ആകാശതോണിയും ഒക്കെ ഉണ്ടായിരുന്നു. കൂട്ടത്തിൽ ഉള്ള വലിയ giant wheel തന്നെ ഞങ്ങൾ തിരഞ്ഞെടുത്തു. ചെറിയ ഒരു പേടി ഉണ്ടായിരുന്നു. ഇതിൽ മുകളിൽ എത്തുമ്പോ മേള നടക്കുന്നത് കാണാൻ എന്ത് ഭംഗിയാണെന്നോ. പേടിച്ചതുപോലെ കുഴപ്പം ഒന്നുമില്ലാതെ ഞങ്ങൾ താഴെ എത്തി. ഒരുപാട് ഭക്ഷണ സ്റ്റോളും തുണികടകളും വാളും കത്തിയുമൊക്കെ വിൽക്കുന്ന കടകളുമായിട്ട് സജീവമായിരുന്നു പുഷ്കർ മേള.


 

കൊറോണ കാരണം കഴിഞ്ഞ രണ്ട് വർഷം മേള ഇല്ലായിരുന്നു. അതുകൊണ്ട് ഈ വർഷം അടിപൊളി ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും മൃഗങ്ങളൊക്കെ എന്തോ അസുഖം വന്നിട്ട് വളരെ കുറച്ച് ഒട്ടകത്തിനെയും മറ്റുമേ കാണാൻ സാധിച്ചുള്ളൂ.


 

ലോകത്തിലെ തന്നെ ഏറ്റവുമധികം മതപരമായിട്ടുള്ള 10 സ്ഥലങ്ങളിൽ ഒന്നാണ് പുഷ്കർ. അതിന് കാരണം ഏതാണ്ട് 2000 വർഷങ്ങളോളം പഴക്കമുള്ള ബ്രഹ്മ മന്ദിരം സ്ഥിതി ചെയ്യുന്നത് പുഷ്കർ തടാക കരയിലാണ്. അവിടെ കയറാൻ വേണ്ടി നിൽക്കുന്നവരുടെ ഒരു നീണ്ട നിര കാണാം. രാത്രി ആയിട്ടും തിരക്കിന് ഒട്ടും കുറവില്ല.


 

അവിടെ കണ്ട കടകളിൽ എല്ലാം കയറി കുറെ സാധനമൊക്കെ വാങ്ങി തെരാപാരാ നടന്ന് ക്ഷീണിച്ചപ്പോൾ la pizzeria ഇൽ കയറി പിസ്സയും കഴിച്ച് തിരിച്ച് റൂമിൽ പോയി. കുറച്ച് നേരം റസ്റ്റ് എടുത്തിട്ട് വീണ്ടും ഇറങ്ങാം എന്ന് വിചാരിച്ച് ഹോട്ടലിന്റെ മുകളിൽ ഉള്ള കഫേയിൽ ഇരുന്ന ഞങ്ങൾ അവിടെത്തന്നെ ഇരുന്നു പോയി. ഏതാണ്ട് 13 കിലോമീറ്റർ ആണ് ഈ ഒരു ദിവസം നടന്നത്. ചെറിയ ഒരു പനിയുടെ ലക്ഷണം കണ്ടതുകൊണ്ട് ഒരു dolo കഴിച്ചിട്ട് കിടന്നു.


 


 

✨✨✨✨✨✨✨✨✨✨✨✨✨✨


 

Day 6

Pushkar


 

അടുത്ത ദിവസം രാവിലെ സാവിത്രി മാതാ ടെമ്പിളിൽ sunrise കാണാൻ പോകാമെന്ന് കരുതിയാണ് കിടന്നതെങ്കിലും എണീക്കാൻ വൈകി. കുറച്ച് ദിവസമായല്ലോ daily 10km ഇൽ കൂടുതൽ നടക്കുന്നത് അതും ഈ വലിയ ബാഗും ചുമന്ന്. ഇന്ന് അടുത്ത സ്ഥലത്തേക്ക് പോകേണ്ടതുകൊണ്ട് ബാഗ് ഒക്കെ പാക്ക് ചെയ്ത് reception ഇൽ വച്ചിട്ടാണ് സാവിത്രി മാതയിലേക്ക് പോയത്. ഓട്ടോ നോക്കി കുറച്ച് നടന്നെങ്കിലും കിട്ടിയില്ല. ഇനി എന്തുചെയ്യുമെന്ന് ആലോചിച്ച് നിൽക്കുമ്പോൾ ഒരു ചേട്ടൻ വന്ന് കാര്യം അന്വേഷിച്ചു. അവിടെ അടുത്ത് ഓട്ടോ കിട്ടുന്ന സ്ഥലമുണ്ടെന്നും 50,60rs ആവുമെന്നും പറഞ്ഞ് ഞങ്ങൾക്ക് വഴി കാണിച്ച് തന്നു. രാജസ്ഥാൻ എത്തിയപ്പോൾ മുതൽ ഏറ്റവും കുറഞ്ഞ charge 100rs ആണ്. അങ്ങനെ ഓട്ടോയുള്ള സ്ഥലം കണ്ടുപിടിച്ച് ചെന്ന് ചോദിച്ചപ്പോൾ 200rs. വേണോ വേണ്ടയൊന്ന് ആലോചിച്ച് നിൽക്കുമ്പോൾ ആ ചേട്ടൻ വീണ്ടും വന്നു. കാര്യം പറഞ്ഞപ്പോ പുള്ളി പോയി സംസാരിച്ച് 100rs ഇൽ ഒതുക്കി. മേള ആയതുകൊണ്ട് ഇതിലും കുറയില്ലെന്നു പറഞ്ഞ് പോക്കറ്റിൽ നിന്ന് ഒരു 500 rs നോട്ട് എടുത്ത് തന്നു. അത് സ്നേഹപൂർവ്വം നിരസിച്ച് ചേട്ടനോട് നന്ദിയും പറഞ്ഞ് ഞങ്ങൾ ഓട്ടോയിൽ കയറി. രാജസ്ഥാനിലെ മനുഷ്യരുടെ സ്നേഹം വീണ്ടും വീണ്ടും അനുഭവിച്ചറിയുകയായിരുന്നു.


 

ropeway പ്രതീക്ഷിച്ചാണ് പോയതെങ്കിലും ഒന്നര മണിക്കൂർ വെയ്റ്റിംഗ് കണ്ടപ്പോൾ ആ സമയം കൊണ്ട് നടന്ന് കയറാമെന്ന് മനസ്സിലാക്കി ഞങ്ങൾ step കയറാൻ തുടങ്ങി. കുറച്ച് കയറിയപ്പോഴേക്കും മടുക്കാൻ തുടങ്ങി. നടന്നും ഇരുന്നും നിരങ്ങിയുമൊക്കെ പകുതി ദൂരം എത്തി. അപ്പോഴേക്കും എനിക്ക് ചെറുതായിട്ട് ശ്വാസം മുട്ടൽ അനുഭവപെട്ടു. കൂടെ ഉണ്ടായിരുന്ന അഞ്ജലിയോട് ഞാൻ ഇവിടെ റസ്റ്റ് എടുത്തോളാം നീ പോയിട്ട് വായെന്ന് പറഞ്ഞ് ഞാൻ അവിടെ കണ്ട ഒരു പാറയിൽ ഇരുന്നു. കുറച്ച് നേരം ഇരുന്നപ്പോൾ തോന്നി ഇപ്പോ ഇത് കയറാതെ പോയാൽ പിന്നീട് അത് ആലോചിച്ച് regret ചെയ്യാനുള്ള chances കൂടുതലാണ്. കാരണം ഇനിയെന്ന് ഇങ്ങോട്ട് വരുമെന്ന് അറിയില്ല. അതുകൊണ്ട് പതുക്കെ ആണെങ്കിലും കയറിയിട്ട് തന്നെ കാര്യം. കുറച്ച് ദൂരം ചെന്നപ്പോൾ അഞ്ജലിയെ കണ്ടു. ആദ്യത്തെ കുറച്ച് ദൂരം വലിയ കയറ്റമല്ലെങ്കിലും അമ്പലത്തിന്റെ അടുത്ത് എത്തിയപ്പോൾ വളരെ steep ആയിട്ടുള്ള കയറ്റമാണ്. സമയമെടുത്താണെങ്കിലും ആ മലയുടെ മുകളിലുള്ള അമ്പലത്തിന്റെ മുന്നിൽ എത്തിയപ്പോൾ വളരെ സന്തോഷം തോന്നി.


 

അവിടെയുള്ള കാന്റീനിൽ ഇരുന്നപ്പോൾ നല്ല കാറ്റ് വീശുന്നുണ്ടായിരുന്നു. ബാൽക്കണിയിലേക്ക് ഉള്ള പ്രവേശനം നിരോധിച്ചുകൊണ്ട് പോലീസ് കാവൽ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ മുഖത്തെ നിഷ്കളങ്കത കണ്ടിട്ടാണോന്ന് അറിയില്ല. അവിടെ നിന്ന് 2 വീഡിയോ എടുത്തോട്ടെയെന്ന് ചോദിച്ചപ്പോൾ അവർ സമ്മതിച്ചു. ആ വ്യൂ ഒക്കെ ആസ്വദിച്ച് അവിടുത്തെ ക്യാന്റീനിൽ നിന്ന് മാഗ്ഗി വാങ്ങി കഴിച്ച് തിരിച്ചിറങ്ങി. തിരിച്ച് ഓട്ടോയിൽ പോകുന്ന വഴി ഇന്നലെ മേള നടന്ന സ്ഥലം ഒക്കെ വൃത്തിയാക്കുന്നത് കണ്ടു.


 

ബ്രഹ്മ ടെമ്പിളിൽ കയറണമെന്ന് ഉണ്ടായിരുന്നെങ്കിലും തിരക്ക് കാരണം വേണ്ടായെന്ന് വച്ചു. അല്ലെങ്കിലും ഇതിൽ ഒന്നും നമ്മുക്ക് regrets വരാനുള്ള chance ഇല്ല പക്ഷേ ഏതെങ്കിലും മല ഒക്കെ ആണേൽ regret അടിച്ച് ഒരു വക ആയേനെ 😂. അതിലെ നടന്ന് ഞങ്ങൾ പുഷ്കർ തടാകത്തിന്റെ അടുത്തെത്തി. ഇതൊരു പുണ്യ സ്ഥലമായിട്ടാണ് കരുതപ്പെടുന്നത്. ഇവിടെ മുങ്ങി കുളിച്ചാൽ പാപങ്ങൾ എല്ലാം പോയിക്കിട്ടുമെന്നാണ് വിശ്വാസം. അവിടുന്ന് ഒരു മനുഷ്യൻ വന്ന് ഞങ്ങളോട് പൂജ ചെയ്യുന്നോ എന്ന് ചോദിച്ചു. വേണ്ടായെന്ന് പറഞ്ഞപ്പോൾ കാശൊന്നും വേണ്ട ഫ്രീ ആണെന്ന് പറഞ്ഞു. എന്നാപ്പിന്നെ പുള്ളി പറയുന്നത്പോലെ എന്ന് പറഞ്ഞ് ഞങ്ങൾ ആളെ അനുഗമിച്ചു. പുള്ളി ഒരു പാത്രത്തിൽ കുറച്ച് റോസാപൂക്കൾ കൊണ്ടുവന്ന് ഞങ്ങളുടെ കയ്യിൽ തന്നു. അത് കയ്യിൽ പിടിച്ച് പുള്ളി പറയുന്ന മന്ത്രങ്ങൾ ഉരുവിട്ടു. എന്തോ ഉടായിപ്പാണ് 😂നമ്മക്ക് മനസ്സിലാവാൻ വേണ്ടി ഇംഗ്ലീഷിൽ ഒക്കെ എന്തൊക്കെയോ പറയുന്നുണ്ട്. അതിന് ശേഷം കയ്യിൽ ഉണ്ടായിരുന്ന പൂക്കൾ ആ തടാകത്തിലെ വെള്ളത്തിൽ ഒഴുക്കിവിട്ടു.


 

തിരിച്ച് ഹോട്ടലിൽ എത്തി ബാഗ് എടുത്ത് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു .. നടന്ന് തളർന്നപ്പോൾ അവിടെ റോഡ്സൈഡിൽ കണ്ട വീടിന്റെ വരാന്തയിൽ കുറെ നേരമിരുന്നു. വലിയ ബാഗ് ഒക്കെ ആയിട്ട് അവിടെ ഇരിക്കുന്നത് കണ്ടിട്ടാവണം അതിലെ പോകുന്നവർ ഒക്കെ നോക്കുന്നുണ്ടായിരുന്നു. ഇന്നും ഓർത്തിരിക്കുന്നത് ഇങ്ങനെ ഒക്കെയുള്ള ചെറിയ ചെറിയ moments ആണ്.


 

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

Day 6

Ajmer


 

ഇവിടുന്ന് നമ്മൾ അജ്മീരിലേക്കാണ് പോകുന്നത്. ഒരു ട്രാവലറിന്റെ അത്ര വലിപ്പമുള്ള കുട്ടി ബസ്സിലാണ് യാത്ര. ഒരു ചെറിയ ചുരം ഒക്കെ കയറിയിറങ്ങി വേണം അജ്മീരിൽ എത്താൻ. റോഡിനു ഇരുവശവും റോസ് നിറത്തിൽ പൂക്കളുള്ള വലിയ ബൊഗൈൻവില്ലേ ചെടികൾ ഉണ്ടായിരുന്നു. അജ്മീറിൽ എത്തി ഒരു ഓട്ടോ വിളിച്ച് ഞങ്ങൾ ഷെരീഫ് ദർഗയിലേക്ക് പോയി. അതിന്റെ കവാടത്തിന് മുന്നിൽ ഞങ്ങളെ ഇറക്കിയിട്ട് അയാൾ പോയി. അവിടുന്ന് കുറച്ച് ദൂരം നടന്ന് വേണം ദർഗയിൽ എത്താൻ.


 

നല്ല തിരക്കുള്ള റോഡിന്റെ ഇരുവശവും തുണികളും അത്തറും ഊതും ഭക്ഷണ സാധനങ്ങളും മറ്റും വിൽക്കുന്ന കടകളാണ്. പലനിറത്തിലുള്ള ദുപ്പട്ടകളും തല മറയ്ക്കാനുള്ള ടവലുകളും വിൽക്കുന്ന കടകളും ആ കൂട്ടത്തിൽ ഉണ്ട്. അവർക്കൊക്കെ തന്നെ നല്ല കച്ചവടവുമാണ്. കാരണം ദർഗക്കുള്ളിൽ കയറണമെങ്കിൽ തല മറയ്ക്കണം. അത് എല്ലാവർക്കും ബാധകമാണ്. കൂടാതെ നീളമുള്ള കൈകളും ഇറക്കമുള്ളതുമായ വസ്ത്രവും ധരിക്കണം.


 

ആ കടകളിൽ എവിടെയെങ്കിലും ബാഗ് വയ്ക്കാൻ നോക്കിയെങ്കിലും നൂറും ഇരുന്നൂറും ഒക്കെയാണ് അവർ ചോദിക്കുന്നത്. അതുകൊണ്ട് ബാഗും ആയിട്ടാണ് നടക്കുന്നത്. ദർഗ്ഗയുടെ മുന്നിലെത്തിയപ്പോൾ അവരുടെ തന്നെ ക്ലോക്ക് റൂം കണ്ടു. അവിടെ പോയി ബാഗ് വച്ച് തിരിച്ച് അടുത്തുള്ള ഒരു കടയിൽ കയറി ഓരോ ദുപ്പട്ട വാങ്ങി തല മറച്ച് ഞങ്ങൾ ദർഗ്ഗക്കുള്ളിൽ കയറി. ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു മുസ്ലീം തീർത്ഥാടനകേന്ദ്രമാണ് ഷെരീഫ് ദർഗ്ഗ. പേർഷ്യയിൽ നിന്നുള്ള സൂഫി സന്യാസിയായ ഖ്വാജ മൊയിൻ-ഉദ്-ദിൻ ചിഷ്തിയെ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മതേതര പഠിപ്പിക്കലുകൾക്ക് അനുസൃതമായി, അതിന്റെ വാതിലുകൾ എല്ലാ മതങ്ങളിലും ഉള്ള ആളുകൾക്കായി തുറന്നിരിക്കുന്നു. ഒരുപാട് ആളുകൾ ദർഗ്ഗയുടെ പല ഭാഗങ്ങളിൽ ഇരുന്ന് പ്രാർത്ഥിക്കുന്നുണ്ട്.


 

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼


 

Day 6

Kishangarh


 

അവിടുന്നിറങ്ങി ബാഗും എടുത്ത് ഞങ്ങൾ ഇന്ത്യയുടെ മാർബിൾ സിറ്റി എന്നറിയപ്പെടുന്ന കിഷാങ്കഡിലേക്ക് (Kishangarh) പോയി. ഈ അടുത്തകാലത്ത് ട്രെൻഡിങ് ആയ സ്ഥലമാണത്. വെറും മാർബിൾ waste കളയാൻ വേണ്ടി ഉപയോഗിച്ച ഭൂമി ഇപ്പോൾ മനം മയക്കുന്ന കാഴ്ചയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ഒരുപാട് ആളുകൾ ഇവിടെ പ്രീവെഡ്ഡിങ്ങും സേവ് ദ ഡേറ്റും ഒക്കെ ഷൂട്ട് ചെയ്യാൻ എത്തുന്നുണ്ട്. ഒറ്റ നോട്ടത്തിൽ മഞ്ഞ് വീണുകിടക്കുന്നത് ആണെന്നേ തോന്നുകയുള്ളു. എവിടെ നോക്കിയാലും വെള്ള നിറമാണ്. മാർബിൾ വേസ്റ്റ് കൂനകൾക്കുള്ളിൽ രൂപപ്പെടുന്ന കുളികളിൽ മഴക്കാലത്തെ വെള്ളം നിറഞ്ഞ് ഒരു ഇളം പച്ച കലർന്ന നീല നിറമാണ്. പലരും ഇതിനെ മിനി സ്വിറ്റ്സർലാൻഡ് എന്ന് വിളിക്കുന്നുണ്ടെങ്കിലും എനിക്ക് തുർക്കിയിലെ Pamukkale യുടെ ഒരു ഇന്ത്യൻ വേർഷൻ പോലെയാണ് തോന്നിയത്. അജ്മീറിൽ നിന്ന് വെറും 30km ദൂരമേ ഇങ്ങോട്ടേക്ക് ഉള്ളു. അതുകൊണ്ട് ജയ്പൂർ, അജ്മീർ ഒക്കെ പോകുന്നവർക്ക് സുഖമായി കണ്ടു വരാൻ പറ്റുന്ന ഇടമാണ് കിഷാങ്കഡ്.


 

വൈകുന്നേരം ആയി. കിഷാങ്കഡിൽ നിന്ന് മാർബിൾ ഡംബിങ് യാർഡിലേക്ക് വിളിച്ച ഓട്ടോ നമ്മളെ കാത്ത് നിൽപ്പുണ്ട്. അയാൾ ഞങ്ങളെ കിഷാങ്കഡ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ഇവിടുന്ന് നമ്മളുടെ last ഡെസ്റ്റിനേഷൻ ആയ ജയ്പൂരിലേക്കാണ് യാത്ര.


 

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼


 

Jaipur

2 മണിക്കൂർ യാത്രക്കൊടുവിൽ നമ്മൾ ജയ്പ്പൂരിൽ എത്തി. ഇവിടെ ഒരു ഹോസ്റ്റലിൽ ആണ് ഇനിയുള്ള 2 ദിവസത്തെ stay. ഹോസ്റ്റലിന്റെ ഇൻ ഹൗസ് കഫേയിൽ നിന്ന് ഡിന്നറും കഴിച്ച് ഉറങ്ങാൻ കിടന്നു.


 

Day 7

Jaipur


 

രാവിലെ എണീറ്റപ്പോൾ വിചാരിച്ചപോലെ പനി പിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ഡോളോ കഴിച്ചിട്ടാണ് ഇറങ്ങിയത്.

Amber പാലസും Nahargarh ഫോർട്ടും ഒക്കെയാണ് ഇന്നത്തെ പ്ലാൻ. അങ്ങോട്ടേക്ക് ഒക്കെ പോയാൽ തിരിച്ച് വണ്ടി കിട്ടാൻ ബുദ്ധിമുട്ട് ആവുന്നതുകൊണ്ട് ഇന്നത്തെ ദിവസം മൊത്തമായി ഒരു വണ്ടി റെന്റിന് എടുത്തു.

പോകുന്ന വഴി ജൽ മഹൽ കാണാൻ വണ്ടി നിർത്തി. മൻ സാഗർ തടാകത്തിന്റെ നടുവിലായിട്ടാണ് ജൽ മഹൽ സ്ഥിതി ചെയ്യുന്നത്. അവിടെ കുറച്ച് സമയം ചിലവഴിച്ചിട്ട് ഞങ്ങൾ ആംബർ പാലസിലേക്ക് പോയി.


 

ഗൈഡ് വേണോ എന്ന് ചോദിച്ച് പലരും വട്ടം കൂടിയെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് ഞങ്ങൾ പാലസിന്റെ ഭാഗത്തേക്ക് നടന്നു. റോഡിൽ നിന്ന് 10-12 മിനിറ്റ് നടന്നാലാണ് പാലസിൽ എത്തുന്നത്. 185 പടികളാണ് അങ്ങോട്ടേക്കുള്ളത്. പാലസിലേക്ക് ആന സവാരിയും ഉണ്ട്. ആംബർ ഫോർട്ട് ആംബർ പാലസ് എന്നൊക്കെ ഇത് അറിയപ്പെടുന്നുണ്ട്. മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സ് ഉപയോഗിച്ച് പാടുന്നവരെ രാജസ്ഥാനിലെ കോട്ടകളിൽ എല്ലാം കാണാൻ സാധിക്കും. ഇതൊക്കെ കണ്ട് നടക്കുമ്പോളാണ് ആന സവാരിക്കാർ വരുന്നത് കണ്ടത്. നമ്മൾ മൂൺ ഗേറ്റ് (ചാന്ദ് പോൾ) വഴിയാണ് അകത്ത് കയറിയത്. അവിടുന്ന് നമ്മൾ ഷിഷ് (sheesh) മഹലിലേക്കാണ് പോയത്. ലക്ഷകണക്കിന് കണ്ണാടിചില്ലുകൾ വച്ച് അലങ്കരിച്ച ഒരു മുറിയാണത്.


 

ഒരുപാട് pinteresty desi aesthetic photo frames ഇവിടെ കാണാൻ സാധിക്കും. അവിടെയെല്ലാം ഫോട്ടോ എടുക്കാൻ നല്ല തിരക്കും കാണാം. രാജസ്ഥാൻ യാത്രയിൽ വീട്ടിലുണ്ടായിരുന്ന canon 700D ക്യാമറ കയ്യിൽ കരുതിയതിനാൽ അതിൽ കുറച്ച് നല്ല ഫോട്ടോസ് എടുക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവിടെ കണ്ട ഫ്രെയിംസ് ഒന്നുപോലും വിടാതെ ഫോട്ടോ എടുക്കാൻ ഞാൻ ശ്രദ്ധിച്ചു.


 

ആംബർ പാലസ് ഒരുവിധം നടന്ന് കണ്ട് തിരിച്ചിറങ്ങാൻ നേരമാണ് underground tunnel എന്നൊരു ബോർഡ് ശ്രദ്ധയിൽ പെടുന്നത്. പക്ഷേ അങ്ങോട്ടേക്കുള്ള വഴി കണ്ടുപിടിക്കാൻ പറ്റുന്നില്ല. പിന്നെ അവിടെ ഉണ്ടായിരുന്നവരോട് ഒക്കെ ചോദിച്ചു ചോദിച്ച് ഞങ്ങൾ വഴി കണ്ടുപിടിച്ചു. തുടക്കത്തിൽ underground tunnel ആയിരുന്നെങ്കിലും കുറച്ച് ചെന്നപ്പോൾ ഭൂമിക്ക് മുകളിൽ ഇരുവശത്തും രണ്ടാൾ പൊക്കത്തിലുള്ള മതിലുകളാൽ നിർമിച്ച വഴി ആയിരുന്നു. ഇപ്പോ എത്തും ഇപ്പോ എത്തും എന്ന് കരുതി നടക്കാൻ തുടങ്ങിയ ഞങ്ങൾ ഏതാണ്ട് 500 മീറ്റർ നടന്നിട്ടാണ് തുരങ്കത്തിന്റെ മറ്റേ അറ്റത്ത് എത്തിയത്.

ഈ വഴി നമ്മൾക്ക് നടന്ന് jaigarh ഫോർട്ടിൽ എത്താം. ഒന്നര കിലോമീറ്ററിൽ താഴെയെ ദൂരമുള്ളൂ. എന്നാൽ റോഡ് വഴി പോകുവാണേൽ 7km ദൂരമുണ്ട്.


 

ഞങ്ങൾ തുരങ്കം കഴിയുന്ന ഭാഗത്ത് നിന്ന് ജയ്ഗഡ് ഫോർട്ട് നോക്കി കണ്ടത്തെ ഉള്ളു. അവിടുത്തെ രാജാവ് അവിടെ ഉള്ളതിന്റെ പ്രതീകമായി കോട്ടയുടെ മുന്നിലെ വലിയ കൊടിയുടെ മുകളിലായി ഒരു ചെറിയ കൊടിയും കാണാം. കാഴ്ചകൾ ഒക്കെ കണ്ടതിനു ശേഷം മറ്റൊരു വഴിയിലൂടെ ഞങ്ങൾ തിരിച്ച് നടന്നു. ആംബർ പാലസിന്റെ മുന്നിൽ എത്തിയ ഞങ്ങൾ അവിടെ അടുത്തുള്ള panna meena ka kund എന്ന stepwell ന്റെ ഭാഗത്തേക്ക് നടന്നു. ഗൂഗിൾ മാപ് നോക്കിയാണ് നടക്കുന്നത്. ചെറിയ ഒരു ഇടവഴിയാണ്. ഒരു സൈഡിൽ കോട്ടയുടെ എന്ന് തോന്നിക്കുന്ന പഴയ കെട്ടിട അവശിഷ്ടങ്ങൾ കാണാം.


 

ഇതിന് മുമ്പ് ജോധ്പൂറിൽ stepwell കണ്ടപ്പോൾ അവിടെ ആളുകൾ ഇറങ്ങുന്നുണ്ടായിരുന്നു. എന്നാൽ ഇവിടെ ആരേയും അതിന്റെ സ്റ്റെപ്പിൽ പോലും നിൽക്കാൻ സമ്മതിക്കുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ വിളിച്ചു പറഞ്ഞതനുസരിച്ച് ഭയ്യാ വണ്ടിയുമായി വന്നു. സമയം വൈകുന്നേരത്തോട് അടുക്കുന്നു. അതുകൊണ്ട് ഞങ്ങൾ nahargarh ഫോർട്ട് കാണാൻ പോയി. വിജനമായ വഴിയുടെ ഇരുവശത്തും കാടാണ്. nahargarh ഫോർട്ടിലെത്തി ജയ്പൂർ സിറ്റിയുടെ നല്ല കിടിലൻ വ്യൂ ആസ്വദിച്ച് നിൽക്കുമ്പോൾ ഇടിമുഴക്കം കേൾക്കാൻ തുടങ്ങി. ഈ ഫോർട്ട് കൂടുതലും അറിയപ്പെടുന്നത് ഇവിടുന്നുള്ള വ്യൂ ന്റെ പേരിലാണ്. പ്രത്യേകിച്ച് വൈകുന്നേരവും രാത്രി സമയമുള്ള ജയ്പൂറിന്റെ കാഴ്ചകൾ ഇവിടുന്ന് കാണാൻ അതിമനോഹരമാണ്. മഴ പെയ്ത് തുടങ്ങിയപ്പോൾ ഞങ്ങൾ അവിടുന്ന് ഇറങ്ങി.


 

നമ്മൾ ഉദയ്പൂരിൽ വച്ച് പരിചയപ്പെട്ട ജയ്പൂർകാരായ വൈഷ്ണവിയും നമ്രതയും നമ്മളെ ഇന്നു കാണാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്. അവരെ വെയിറ്റ് ചെയ്ത് ഞങ്ങൾ ഹവാ മഹലിന്റെ ഓപ്പോസിറ്റ് ഉള്ള ഒരു കഫേയിൽ കയറി നല്ല വ്യൂ കിട്ടുന്ന ഒരു സീറ്റ് കണ്ടുപിടിച്ചിരുന്നു. എത്ര കണ്ടിട്ടും മതിവരുന്നില്ല. എന്തു ഭംഗിയാ കാണാൻ. അതും വൈകുന്നേരത്തെ മഴയും കൂടി കഴിഞ്ഞപ്പോൾ അടിപൊളി ആയിട്ടുണ്ട്. അവിടുന്ന് ചീസ് ബോൾസും സാൻഡ്വിച്ചും വാങ്ങി കഴിച്ചപ്പോഴേക്ക് അവർ എത്തി.


 

അവരുടെ കൂടെ ആദ്യം പോയത് ബിർള മന്ദിർ കാണാനാണ്. മഴ കഴിഞ്ഞ് ചെരുപ്പില്ലാതെ മന്ദിരത്തിന്റെ മാർബിളിൽ കാല് വയ്ക്കുമ്പോൾ നല്ല തണുപ്പായിരുന്നു. ശേഷം അവിടുത്തെ പ്രശസ്തമായ world trade park മാളിലും പോയി. തിരിച്ച് വരുന്ന വഴി albert ഹാൾ മ്യൂസിയത്തിൽ ഒന്ന് നിർത്തി. രാത്രിയിൽ ലൈറ്റ് ഒക്കെ ഇട്ടു നല്ല ഭംഗിയാണ് കാണാൻ. വീണ്ടും കറങ്ങി തിരിഞ്ഞ് ഞങ്ങൾ ഹവാ മഹലിന്റെ മുന്നിലെത്തി. എത്ര ഫോട്ടോസ് എടുത്തിട്ടും മതിയാവുന്നില്ല. ഈ യാത്രയിൽ ഞങ്ങൾ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച രണ്ട് സ്ഥലങ്ങളിൽ ഒന്ന് ഇതാവും. കുറെ നേരം ഹവാ മഹലിന്റെ മുന്നിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട് തിരിച്ച് റൂമിൽ എത്തി. പനി കുറയാത്തത്കൊണ്ട് ഒരു ഡോളോ കൂടി കഴിച്ചിട്ട് കിടന്നു.


 

ഈ യാത്രയുടെ അവസാന ദിവസമായ ഇന്ന് രാവിലെ 6 മണിക്ക് തന്നെ പോയത് pinteresty ആയിട്ടുള്ള patrika gate കാണാനാണ്. വളരെ മനോഹരമായ വാസ്തുവിദ്യകളുള്ള ഒരു വലിയ കവാടമാണിത്. പത്രിക കവാടത്തിന്റെ ഓരോ തൂണിലും രാജസ്ഥാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകൾ വരച്ചിട്ടുണ്ട്. രാജസ്ഥാന്റെ തലസ്ഥാന നഗരിയിലെ പ്രശസ്തമായ സ്മാരകവും വിനോദസഞ്ചാര കേന്ദ്രവുമാണ് ജയ്പൂരിലെ പത്രിക ഗേറ്റ്. late ആയാൽ നല്ല തിരക്കാവുന്നത്കൊണ്ടാണ് പനി പോലും വക വെക്കാതെ രാവിലെ തന്നെ ഇറങ്ങിയത്. ഞങ്ങളെ പോലെ 2,3 വെഡ്ഡിംഗ് ഫോട്ടോഗ്രാഫേഴ്സും അവിടെ നേരത്തെ എത്തിയിരുന്നു. അവർ മാറുന്ന ഗ്യാപിൽ ഞങ്ങളും നല്ല കുറച്ച് ഫോട്ടോസും വീഡിയോസും എടുത്തു  പുറത്തേക്ക് ഇറങ്ങി.


 

അതിന് ശേഷം ഞങ്ങൾ പോയത് ജന്തർ മന്ദിർ കാണാനാണ്. അതിന്റെ എതിർവശത്താണ് City പാലസ്. ഡൽഹിയിലെ ജന്തർ മന്ദിർ കണ്ടിട്ടുണ്ടെങ്കിലും ഇവിടെയുള്ളത് കുറച്ച്കൂടി വലുതാണ്. പണ്ട് കാലങ്ങളിൽ സമയം നോക്കാൻ ഉപയോഗിച്ചിരുന്ന  പല സംവിധാനങ്ങളും അവിടെ കണ്ടു.


 

city palace കാണാൻ ഞങ്ങൾ royal grandeur ടിക്കറ്റ് ആണെടുത്തത്. royal family ഉപയോഗിക്കുന്ന മുറികളും മറ്റു പല മുറികളും കാണാൻ പറ്റുമെന്നതാണ് ഇതിന്റെ പ്രത്യേകത. 1500 രൂപയായിരുന്നു ടിക്കറ്റ് ചാർജ്. കൂടെ ഒരു ഗൈഡിനെ കിട്ടും. നോർമൽ ടിക്കറ്റ് എടുത്താൽ താഴത്തെ ഒരു ഫ്ലോർ മാത്രമേ കാണാൻ പറ്റു. പിന്നെ 3000 രൂപയുടെ ഒരു ticket ഉണ്ട്. royal blue പൈന്റ് അടിച്ച ഒരു റൂം മാത്രം extra കാണാം. royal blue എന്നൊക്കെ പറഞ്ഞാൽ അതാണ്. അത്രക്ക് ഭംഗിയുള്ള നീല നിറം ഞാൻ ഇതിനു മുൻപ് എവിടെയും കണ്ടിട്ടില്ല. അത് കാണാൻ മാത്രമായിട്ട് 1500 കൊടുക്കാൻ തോന്നിയില്ല. പക്ഷേ ഞങ്ങളുടെ ഇഷ്ട നിറമായ നീല നിറമുള്ള ആ മുറി കാണാൻ പറ്റാത്തതിന്റെ നല്ല വിഷമമുണ്ട്.


 

ആദ്യം കയറിയ മുറിയിൽ photography videography അനുവദിക്കില്ല. എങ്കിലും ആരും കാണാതെ ക്യാമറ ഓൺ ആക്കണമെന്ന് ഒക്കെ ഉണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം കിട്ടിയില്ല. royal family ഉപയോഗിക്കുന്ന ഡൈനിംഗ് ടേബിൾ, സോഫ സെറ്റ് അവരുടെ ഫോട്ടോസ് തുടങ്ങിയവ ആണ് ഇതിന്റെ ഉള്ളിൽ. നമ്മൾ പോയ ദിവസം അവിടുത്തെ രാജാവ് സവായ് പദ്മനാഭ സിംഗ് അവിടെ ഉണ്ടായിരുന്നു. രാജാവിന്ഏതാണ്ട് ഞങ്ങളുടെ അതെ വയസ്സ് മാത്രമേ പ്രായമുള്ളൂ. ഈ പാലസിന്റെ ഉള്ളിൽ ലക്ഷങ്ങൾ വിലയുള്ള ഒരു ഹോട്ടൽ മുറിയുണ്ട്. അവിടെ ഇന്ന് guest ഉള്ളതുകൊണ്ട് പല പല പൂക്കളാൽ അവിടം അലങ്കരിക്കുന്നുണ്ടായിരുന്നു.


 

നാലാം നിലയിലുള്ള ശോഭ നിവാസിലേക്ക് (golden room) ആണ് പിന്നീട് പോയത്. അവിടെ നിന്ന് നോക്കിയാൽ nahargarh fort കാണാം. ആ മുറി മുഴുവൻ സ്വർണവും റൂബിയും എമറാൾഡും മറ്റു പല വജ്രങ്ങളുമാണ്. അവിടെ പ്രത്യക പരിപാടികൾ നടക്കുമ്പോൾ രാജാവും രാജ്ഞിയും ഇരിക്കുന്ന സ്ഥലത്തൊക്കെ ഞങ്ങളും ഇരുന്നു ഫോട്ടോ എടുത്തു. അവിടെ ഇരിക്കുമ്പോൾ നമ്മൾക്കും ഒരു royal feel വരും.


 

ഷീഷ് മഹൽ ( mirror room) ആണ് അടുത്തത്. ഒരുപാട് കണ്ണാടിചില്ലുകൾ വച്ച് അലങ്കരിച്ച ഒരു മുറിയാണിത്. light ഓഫ് ആക്കി തിരികൾ കത്തിച്ചു വയ്ക്കുമ്പോൾ ആകാശത്ത് നക്ഷത്രങ്ങൾ കാണുന്നത് പോലെ തോന്നും. പണ്ട് രാജാവ് 1000 തിരികളാണ് കത്തിച്ചിരുന്നത്. 4,5 തിരികൾ വച്ചപ്പോൾ തന്നെ നല്ല ഭംഗി ഉണ്ടായിരുന്നു. അപ്പോൾ 1000 തിരികൾ കൊണ്ട് ആ മുറി അലങ്കരിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കിയേ.


 

അവസാനമായിട്ട് ഫോട്ടോസിൽ ഒക്കെ കാണാറുള്ള 4 ഗേറ്റുകൾ കാണാൻ ആണ് പോയത്. ഈ 4 ഗേറ്റ് പല കാലാവസ്ഥയെ പ്രതിനിധികരിക്കുന്നു. lotus - summer, rose - winter, green - spring, peacock - autumn എന്നിങ്ങനെ ആണവ. അതെല്ലാം കണ്ട് കഴിഞ്ഞ് ഞങ്ങളുടെ ഗൈഡ് അവിടെയുള്ള സ്റ്റോറിൽ കൊണ്ടുപോയി. അവരുടെ വാക്ക് കേട്ട് അവസാനം ഞങ്ങൾ തണുപ്പിൽ ഉപയോഗിക്കുമ്പോൾ ചൂടും ചൂടിൽ ഉപയോഗിക്കുമ്പോൾ തണുപ്പും കിട്ടുന്ന ഓരോ പുതപ്പും ( വെള്ളയിൽ നീല നിറമുള്ള ജയ്പൂർ print ഉള്ള ഇത് കാണാൻ ഉള്ള ഭംഗിയിൽ വാങ്ങിയെങ്കിലും ഇതുവരെ ഉപയോഗിച്ചിട്ടില്ല) അഞ്ജലി ഒരു സാരിയും വാങ്ങി.


 

കാഴ്ചകൾ എല്ലാം കണ്ട് കഴിഞ്ഞു. അതുകൊണ്ട് ഇനി ഷോപ്പിംഗ് ആണ്. അതിലെ തെരാ പാരാ അങ്ങോട്ടും ഇങ്ങോട്ടും നടന്നതല്ലാതെ ഒന്നും വാങ്ങിയില്ല. കാരണം എല്ലാത്തിനും നല്ല റേറ്റ് ആണ്. ഹവാ മഹലിന്റെ അടുത്തായിട്ട് ഒരാൾ 150 വർഷത്തിനു മുകളിൽ പഴക്കമുള്ള ഒരു വിന്റേജ് ക്യാമറയിൽ ഫോട്ടോ എടുക്കുന്നുണ്ട്. പുള്ളിയെ തപ്പി കണ്ടുപിടിച്ച് ആ ക്യാമറയിൽ ഞങ്ങളുടെ ഒരു ഫോട്ടോ എടുപ്പിച്ചു. ഒരുപാട് വല്യ വല്യ ആളുകൾ പണ്ട് ആ ക്യാമറയിൽ ഫോട്ടോ എടുത്തിട്ടുണ്ട്. അതിന്റെ ഒക്കെ കോപ്പി അവിടെ കാണാൻ സാധിച്ചു.


 

സമയം ഇനിയും ഒരുപാട് ഉള്ളതുകൊണ്ട് ഞങ്ങൾ Galtaji temple കാണാൻ പോയി. ഓട്ടോയിൽ ആണ് പോയത്. മാപ്പിൽ നോക്കിയപ്പോൾ വല്യ ദൂരം ഇല്ലായിരുന്നെങ്കിലും അയാൾ വളച്ചു ചുറ്റി ഏതോ കാടിന്റെ നടവിലൂടെയാണ് ഞങ്ങളെ കൊണ്ടുപോയത്. ചുമ്മ മാപ്പിൽ നോക്കിയപ്പോൾ അല്ലേ രസം. amagarh leopard സഫാരി ഒക്കെ നടക്കുന്ന സ്ഥലമാണത്. പക്ഷേ ഞങ്ങൾ മയിലിനെ മാത്രമേ കണ്ടുള്ളൂ. അങ്ങനെ സ്ഥലത്തെത്തി. 10 മിനിറ്റ് ഇൽ പോയിട്ട് വരുമെങ്കിൽ അയാൾ വെയിറ്റ് ചെയ്യാമെന്ന് പറഞ്ഞു. അതുകേട്ട് ഞങ്ങൾ അകത്തേക് ഓടി. അവിടെ എത്തിയപ്പോൾ നിറയെ കൊരങ്ങന്മാർ. അവരെ കണ്ടതും അധികനേരം അവിടെ ചിലവഴിക്കാൻ തോന്നിയില്ല. വേറൊന്നുമല്ല അതിനെ പേടിയാ. കയ്യിൽ ഉള്ളത് തട്ടിപറിച്ച് കൊണ്ടുപോയാലോ.


 

തിരിച്ച് പോകുന്ന വഴി ഇവിടുത്തെ famous ബേക്കറി ആയി rawat mishtan bandharഇൽ കയറി കുറച്ച് സ്വീറ്റ്സ് വാങ്ങി. റൂമിൽ എത്തി എല്ലാം പാക്ക് ചെയ്ത് റെയിൽവേ സ്റ്റേഷനിലേക്ക്. പോയപ്പോൾ ഓരോ ബാഗ് മാത്രം കയ്യിൽ ഉണ്ടായിരുന്ന ഞങ്ങൾ തിരിച്ച് വരുമ്പോൾ കയ്യിൽ നിറയെ ബാഗും കവറുകളും ആയിരുന്നു.  ഒത്തിരി ഓർമ്മകളും അനുഭവങ്ങളും നിറഞ്ഞ ഈ യാത്ര ഇവിടെ അവസാനിക്കുകയാണ്.


 

രാജസ്ഥാൻ എങ്ങനെയുണ്ടെന്ന് ആരെങ്കിലും ഞങ്ങളോട് ചോദിച്ചാൽ ഞങ്ങൾ കണ്ടതും അനുഭവിച്ചതുമായ രാജസ്ഥാൻ വളരെ സേഫ് ആയിട്ടുള്ള, നല്ല മനുഷ്യൻമാരുള്ള സ്ഥലമാണ്.