ഒരുപാട് ആഗ്രഹിച്ച ഒരു ഡൽഹി-ആഗ്ര-മണാലി യാത്ര - 2022
എപ്പോഴും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു പിടി നല്ല ഓർമ്മകളുമായി ഞങ്ങളുടെ ആദ്യത്തെ യാത്ര.. !!
നമ്മൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നടക്കുമെന്ന് പറയുന്നത് എത്ര ശരിയാണല്ലേ. 2022 തുടങ്ങുമ്പോൾ ആ വർഷം മണാലിയിൽ പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. അല്ലേലും വിചാരിക്കുന്ന പോലെ ഒന്നുമല്ലല്ലോ നടക്കുന്നത്. അതുവരെയും പ്ലാനിങ്ങിൽ മാത്രം ഒതുങ്ങിപോകുന്ന ഒന്നായിരുന്നു ഞങ്ങളുടെ മണാലി യാത്ര. ഇൻസ്റ്റാഗ്രാമിൽ മഞ്ഞുമൂടിയ മണാലിയുടെ ഫോട്ടോസും വിഡിയോസും ഒകെ കാണുമ്പോൾ അതൊക്കെ കൂട്ടുകാർക്ക് അയച്ചുകൊടുത്തിട്ട് നമ്മൾക്കും പോണം ഇതുപോലെ എന്ന് പറയാറുണ്ട്. അതൊക്കെയും ആ ഒരു ദിവസം കടന്ന് അടുത്ത ദിവസം വരെ എത്താറില്ല. എന്നാൽ അന്ന് അപ്പൂപ്പൻതാടിയുടെ മണാലി ട്രിപ്പ് പോസ്റ്റർ കണ്ടപ്പോൾ പതിവ് പോലെ ഞാൻ കൂട്ടുകാർക്ക് അയച്ചു കൊടുത്തു. അത് കണ്ടിട്ട് അഞ്ജലി പോയാലോ എന്ന് ചോദിച്ചു അതിനെന്താ പോകാലോ എന്ന് ഞാനും 😂
അടുത്ത ദിവസം അവളുടെ മെസ്സേജ്. ഇന്നലെ കണ്ട ട്രിപ്പ് നോക്കിയാലോ? വീട്ടിൽ സമ്മതിക്കാൻ ചാൻസ് ഉണ്ടെന്ന് 🤯 അതുകേട്ട ഞാൻ ഞെട്ടി. ആദ്യമായിട്ടാണ് ഒരു ട്രിപ്പ് പ്ലാനിംഗ് ഈ സ്റ്റേജ് വരെ എത്തുന്നത്. എന്നാൽ പിന്നെ വീട്ടിൽ ചോദിച്ചിട്ട് തന്നെ കാര്യമെന്ന് ഞാനും. അങ്ങനെ വീട്ടിൽ ചോദിച്ചു. ആലോചിക്കാമെന്ന് അവരും. ഫെബ്രുവരി മാസത്തിൽ ആണ് ഈ സംഭവം നടക്കുന്നത്. ട്രിപ്പ് മാർച്ചിലും. സ്ലോട്ട് പെട്ടന്ന് ഫിൽ ആകുന്നത് കൊണ്ട് 2 ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ ഒന്നുകൂടെ കാര്യം അവതരിപ്പിച്ചു. Details ഒകെ പറഞ്ഞിട്ട് പോകോട്ടെയെന്ന് ചോദിച്ചപ്പോൾ സമ്മതം എന്ന രീതിയിൽ ഒന്ന് മൂളി .. സമ്മതിക്കില്ലായെന്ന് വിചാരിച്ചിരുന്ന ഞാൻ അത് കേട്ട് വിശ്വാസം വരാത്തത് കൊണ്ട് ഒന്നൂടെ ചോദിച്ചു. എന്നെ ശെരിക്കും പോകാൻ സമ്മതിച്ചു? 😳 ഞാൻ ശെരിക്കും മണാലി പോകുവാണോ? കൂടുതൽ ചോദിച്ചാൽ ഇപ്പൊൾ സമ്മതിച്ചത് ഒകെ മാറിയാലോ എന്ന് പേടിച്ചിട്ട് കൂടുതൽ ചോദിക്കാൻ നിന്നില്ല.
വേഗം അഞ്ജലിയെ വിളിച്ച് വീട്ടിൽ സമ്മതിച്ച കാര്യം പറഞ്ഞു. ഞാൻ ഉണ്ടെന്നു കേട്ടപ്പോൾ അവളുടെ വീട്ടിലും ഡബിൾ ഒക്കെ. പെട്ടന്ന് തന്നെ advance payment കൊടുത്ത് സീറ്റ് ബുക്ക് ചെയ്യ്തു. ഇനി ബാക്കി കാര്യങ്ങൾ ഓക്കേ സെറ്റ് ആക്കണം. അപ്പൂപ്പൻതാടിയുടെ ലേഡീസ് ഒൺലി ഡൽഹി - മണാലി - ഡൽഹി ട്രിപ്പ് ആണ് ഞങ്ങൾ ബുക്ക് ചെയ്തത്. ഒരു ബുധനാഴ്ച്ച വൈകിട്ട് ഡൽഹിയിൽ നിന്ന് തുടങ്ങി മണാലിയിൽ കറങ്ങി ശനിയാഴ്ച്ച വൈകിട്ട് തിരിച്ച് ഡൽഹിയിലേക്ക് കയറുന്ന തരത്തിൽ ആണ് പാക്കേജ്. അതുകൊണ്ട് മണാലിയിലെ കാര്യങ്ങൾ അവർ സെറ്റ് ആക്കിക്കോളും. നാട്ടിൽനിന്നു ഡൽഹിയിൽ എത്തുന്നത് വരെയും തിരിച്ച് ഡൽഹിയിൽനിന്ന് നാട്ടിലേക്കു വരുന്നതും മാത്രം ഞങ്ങൾ നോക്കിയാൽ മതി.
ഇതുവരെയും ഇത്രേ ലോങ്ങ് പോകാത്തതുകൊണ്ട് അങ്ങോട്ട് ട്രെയിനും ഇങ്ങോട്ട് ഫ്ലൈറ്റും എടുക്കാൻ തീരുമാനിച്ചു. അതിനൊരു കാരണവുമുണ്ട് അതാകുമ്പോൾ രണ്ടു തരത്തിലുള്ള യാത്രയും എക്സ്പീരിയൻസ് ചെയ്യാം. കൂടാതെ ഞായർ വൈകിട്ട് തിരിച്ചെത്തി അടുത്ത ദിവസം ജോലിക്കും കേറാം. ബുധൻ അവിടെ എത്തണേൽ തിങ്കളാഴ്ച ഇവിടുന്ന് ട്രെയിൻ കയറണം. എന്തായാലും 5 ദിവസം ലീവ് എടുക്കണം. അതിന്റെ കൂടെ 2 weekends കൂടെ കൂട്ടി മൊത്തം 9 ഡേയ്സ് കിട്ടും. അതുകൊണ്ട് മണാലിയുടെ കൂടെ ഡൽഹിയും ആഗ്രയും കൂടി കാണാൻ പറ്റുന്ന രീതിയിൽ പ്ലാൻ സെറ്റ് ആക്കി. പിന്നെ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു. ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റ്സ് ബുക്ക് ചെയ്തു. ആദ്യമായി പോകുന്നത്കൊണ്ടും റിസ്ക് എടുക്കണ്ടായെന്ന് ഉള്ളതുകൊണ്ടും അറിയപ്പെടുന്ന ബാക്ക്പാക്കെർസ്സ് ഹോസ്റ്റൽ ബ്രാൻഡ് ആയ zostel ഡൽഹിയിൽ റൂം ബുക്ക് ചെയ്തു. അതിനു മറ്റൊരു കാരണം കൂടി ഉണ്ട്. ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് നടക്കാൻ ഉള്ള ദൂരമേ സോസ്റ്റലിലേക്ക് ഒള്ളു
മഞ്ഞ് കാണാൻ പോകുന്നത്കൊണ്ടും എനിക്ക് തണുപ്പ് തീരെ പറ്റാത്തത്കൊണ്ടും തെർമ്മൽസും മഞ്ഞിൽ ഇടാൻ പാകത്തിലുള്ള ജാക്കറ്റും സോക്‌സും മറ്റും ഓൺലൈനിൽ വാങ്ങിച്ചു. ബാക്കി അത്യാവശം സാധനങ്ങൾ അടുത്തുള്ള കടയിൽ പോയി വാങ്ങി.
✨✨✨✨✨✨✨✨✨✨✨✨✨✨
അങ്ങനെ ഒരു ശനിയാഴ്ച വെളുപ്പിന് കോഴിക്കോടുനിന്ന് ഡൽഹിയിലേക്കുള്ള രാജധാനി എക്സ്പ്രസ്സ് ട്രെയിൻ കയറി. നോക്കുമ്പോൾ ദേ ഞാനും അഞ്ജലിയും ഒരേപോലെ മഞ്ഞ ജാക്കറ്റ് ഇട്ടേക്കുന്നു😂. പറഞ്ഞ് ഇട്ടതൊന്നും അല്ലാട്ടോ. ആദ്യമായി ഇത്ര ദൂരം പോകുന്നതിന്റെ എക്സൈറ്റ്മെന്റ് 2 പേർക്കും ഉണ്ടായിരുന്നു. അധിക സമയവും ഞങ്ങൾ ഡോറിന്റെ അടുത്ത് പോയിനിന്നു കാഴ്ചകൾ കാണുകയാണ് ചെയ്തത്. കേരളവും കർണാടകയും തമിഴ്നാടും മാത്രം കണ്ടിട്ടുള്ള ഞങ്ങൾ ഗോവയിൽ രാവിലെ വണ്ടി നിർത്തിയപ്പോൾ ട്രെയിനിൽ നിന്ന് കുറച്ച് നേരം പുറത്ത് ഇറങ്ങി നിന്നു. ചുമ്മാ ഗോവയിൽ കാലുകുത്തിയെന്ന് പറയാലോ. പണ്ട് മൂത്ത ചേട്ടായി ഡൽഹിയിലും ഗുജറാത്തിലും ജോലി ചെയുന്ന സമയത്ത് നാട്ടിൽ വരുമ്പോൾ പറഞ്ഞു കേട്ട തുരങ്കങ്ങളിൽ കൂടിപോകുമ്പോൾ ആദ്യമൊക്കെ പേടി ആയിരുന്നെങ്കിലും പിന്നെ പിന്നെ അതൊക്കെ മാറി. വൈകുന്നേരം ആയപ്പോൾ ഞങ്ങൾ പൻവേൽ എത്തി. ട്രെയിൻ യാത്രയിൽ കാണുന്ന സൂര്യോദയത്തിനും അസ്തമയത്തിനും ഒരു പ്രത്യേക ഭംഗിയാണ് എന്ന്മനസ്സിലായത് ആ യാത്രയിലാണ്. രാത്രിയായപ്പോൾ ഉറങ്ങാനായി ഞാൻ എന്റെ അപ്പർ ബെർത്തിൽ വലിഞ്ഞു കയറി. അഞ്ജലിയുടെ മിഡിൽ ബെർത്താണ്. 3rd tier എസി കംപാർട്ട്മെൻറ് ആയതുകൊണ്ട് നല്ല തണുപ്പുണ്ട്. രാവിലെ കണ്ണുതുറന്നപ്പോൾ നമ്മുടെ ട്രെയിൻ രാജസ്ഥാനിലൂടെ പൊയ്ക്കൊണ്ടിരിക്കുവാണ്. കർണാടകയിലെയും മഹാരാഷ്ട്രയിലെയും കാടുകളും പുഴകളും ഗുജറാത്തിലെയും രാജസ്ഥാനിലെയും കൃഷിപാടങ്ങളുമൊക്കെ പുതിയ അനുഭവം ആയിരുന്നു.
ഇത്ര അധികം ദൂരം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ബോറടി മാറ്റാൻ റൂബിക്സ് ക്യൂബ്യൂം യുനോ കാർഡ്സും ഫോണിൽ ലുഡോയും ഒക്കെ റെഡി ആക്കി വച്ചിരുന്നു.
ഞങ്ങളുടെ അടുത്തുള്ള 2 സീറ്റിലെ ചേട്ടന്മാർ ആർമിയിൽ ജോലി ചെയ്യുന്നവരാണ്. അവധി കഴിഞ്ഞ് തിരിച്ച് കാശ്മീരിലേക്ക് പോകുവാണ്. അതിൽ ഒരാൾ കോഴിക്കോട് നിന്നാണ് കയറിയത്. 2 പെൺകുട്ടികൾ കൂടെ ആരുമില്ലാതെ ഇത്ര ദൂരം പോകുന്നത് കേട്ടപ്പോൾ അവർക്കൊക്ക ആശ്ചര്യമായിരുന്നു. ഞായറാഴ്ച്ച ഉച്ചയായപ്പോൾ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ ഇറങ്ങി വഴി അറിയാതെ നിന്ന ഞങ്ങളെ സേഫ് ആയിട്ട് പ്ലാറ്റ്ഫോം 1 ഇൽ ഉള്ള ലേഡീസ് വെയ്റ്റിംഗ് റൂമിൽ ആക്കിയിട്ടാണ് അതിൽ ഒരു പട്ടാളക്കാരൻ ചേട്ടൻ പോയത്. ദിപിൻ എന്നോ മറ്റോ ആയിരുന്നു അദ്ദേഹത്തിന്റെ പേര്.
✨✨✨✨✨✨✨✨✨✨✨✨✨✨
Day 1
ഉച്ച സമയം ആയതുകൊണ്ട് ഓൺലൈനിൽ ഫുഡ് ഓർഡർ ചെയ്ത് കഴിച്ചിട്ടാണ് ഞങ്ങൾ സോസ്റ്റലിലേക്ക് പോയത്. 6 പേരുടെ ലേഡീസ് ഡോർമിറ്ററിയിൽ ആണ് ഞങ്ങളുടെ ബെഡ്. വിശാലമായ കോമൺ ഏരിയയും പ്ലേയ് ഏരിയയും ഇവിടുത്തെ പ്രത്യേകതയാണ്. ഒറ്റക്ക് വരുന്നവർക്കും കൂട്ടമായി വരുന്നവർക്കും പരസ്പരം പരിചയപ്പെടാനും ഒരുമിച്ച് യാത്ര ചെയ്യാനുമൊക്കെ ഇതുപകരിക്കും. റൂമിലെത്തി ഫ്രഷായി കുറച്ച് നേരം റസ്റ്റ് എടുത്തപ്പോഴേക്ക് ഞങ്ങളുടെ മറ്റു 2 സുഹൃത്തുക്കൾ കൂടി എത്തി. അവർ 2 മാസത്തെ നോർത്ത് ഇന്ത്യ ട്രിപ്പിന്റെ ഭാഗമായി ഡൽഹിയിൽ എത്തിയതാണ്. അങ്ങനെ അവരുടെയൊപ്പം വൈകുന്നേരം ഞങ്ങൾ ഇന്ത്യ ഗേറ്റ് കാണാനിറങ്ങി. അവിടെ എന്തോ അറ്റകുറ്റപ്പണികൾ നടക്കുന്നതുകാരണം അധികനേരം അവിടെ നിൽക്കാൻ പോലീസ് അനുവദിച്ചില്ല. അടുത്ത് വേറെ എവിടെയെങ്കിലും പോകാൻ വേണ്ടി ഗൂഗിൾ മാപ് നോക്കിയപ്പോൾ ലോധി ഗാർഡൻ കണ്ടു. ഒരു യൂബർ വിളിച്ച് നേരേ അങ്ങോട്ട് പോയി. കുടുംബമായിട്ടും കൂട്ടുകാരുമൊത്തും വൈകുന്നേരം ചിലവഴിക്കാൻ വേണ്ടി ഒരുപാട് പേര് വന്നിട്ടുണ്ട്. കുറെ നടന്ന് കാണാനുണ്ട് ലോധി ഗാർഡനിൽ. ഗിറ്റാറിൽ മ്യൂസിക്ക് പ്ലേയ് ചെയ്യുന്നവരും പാട്ടുപാടുന്നവരും ഗെയിംസ് കളിക്കുന്നവരുമൊക്കെ ആയിട്ട് സജീവമാണ് ഗാർഡൻ. ഇരുട്ട് വീണപ്പോൾ മഞ്ഞ ലൈറ്റുകൾ കത്താൻ തുടങ്ങി. പതിയെ ഞങ്ങൾ പുറത്തേക്കിറങ്ങി.
സോസ്റ്റലിൽ എത്തി ഫ്രഷ് ആയിട്ട് ജുമാ മസ്ജിദ് ഏരിയയിലേക്ക് പോയി. സ്ട്രീറ്റ് ഫുഡിന് പേരു കേട്ട സ്ഥലമാണ് ചാന്ദ്നി ചൗക്ക്. ഞങ്ങൾ ആദ്യം പോയത് അസ്ലാം ചിക്കനിലെ ബട്ടർ ചിക്കന് കഴിക്കാനാണ്. അടുത്തെത്താറായപ്പോൾ തന്നെ ഹോട്ടലിന് മുന്നിലെ നീണ്ട ക്യൂ കാണാം. ഞങ്ങളും അതിന്റെ പുറകിലായി നിന്നു. ചിക്കന് ഗ്രിൽ ചെയ്യുന്നതിന്റെ ചൂട് നല്ലവണ്ണം അടിക്കുന്നുണ്ട്. 4,5 നിലകളിലായി സ്ഥിതി ചെയ്യുന്ന ഹോട്ടലിലെ മേശകൾ ഒഴിയുന്നതിന് അനുസരിച്ച് ആൾക്കാരെ അകത്തേക്ക് കയറ്റിവിടും. ഞങ്ങൾ റൊട്ടിയും ബട്ടർ ചിക്കനും ഓർഡർ ചെയ്തു. നാട്ടിലെ ബട്ടർ ചിക്കനിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഇവിടെ. ഒരു പാത്രത്തിൽ ധാരാളം ബട്ടറിൽ ഗ്രിൽഡ് ചിക്കന് ഇട്ടാണ് ഇവിടെ കിട്ടുന്നത്. അത് കഴിച്ച് പുറത്തിറങ്ങിയ ഞങ്ങൾ ഡൽഹിയിലെ തനതായ മുഹബത്ത് കാ ഷർബത്ത് വാങ്ങിച്ചു. പാലിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച തണ്ണിമത്തനും ഐസും ഇട്ടാണ് ഇത് ഉണ്ടാകുന്നത്. ഇപ്പോൾ നമ്മുടെ നാട്ടിലും ഇത് കിട്ടും. വയറൊക്കെ ഫുള്ളായത്കൊണ്ട് അത് ദഹിക്കാൻ വേണ്ടി ഏതാണ്ട് 2.5 കിലോമീറ്റർ അപ്പുറത്തുള്ള റൂമിലേക്ക് ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. ആ ചെറിയ തണുപ്പിൽ ഡൽഹിയിലെ തെരുവുകളിൽ കൂടി രാത്രി നടക്കാൻ അടിപൊളിയാണ്. പക്ഷേ ഒറ്റക്ക് നടക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
✨✨✨✨✨✨✨✨✨✨✨✨✨✨
Day 2
ഏതാണ്ട് ഒരു 12 മണിയോട് അടുപ്പിച്ച് ഞങ്ങൾ റൂമിലെത്തി. രാവിലെ 5 മണിക്കുള്ള ട്രെയിൻ പിടിച്ച് ആഗ്ര പോകണം. കിടന്നുറങ്ങാൻ ഉള്ള സമയമൊന്നുമില്ല. അതുകൊണ്ട് കോമൺ ഏരിയയിൽ യുനോ കാർഡ്സ് കളിച്ചിരിക്കാൻ തീരുമാനിച്ചു. 4 മണി വരെ ആ കളി നീണ്ടു. അതിനിടക്ക് 2 മലയാളികളെ കൂടി പരിചയപ്പെട്ടു. ഞങ്ങളുടെ ഒച്ച കേട്ട് വന്നതാണ്. 2 പേരും സോളോ ട്രിപ്പ് വന്നതായിരുന്നു. റൂമിൽ പോയി ഫ്രഷായി നേരെ ട്രെയിൻ പിടിക്കാൻ സ്റ്റേഷനിലേക്ക് പോയി. രാത്രി ഉറങ്ങാത്തതിന്റെ ക്ഷീണം കാരണം ട്രെയിനിലിരുന്ന് ചെറുതായി ഒന്നു മയങ്ങി. ആഗ്ര എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളായ ഡോണും റിൻസും വിളിച്ചുണർത്തി.
താജ് മഹൽ എൻട്രി ടിക്കറ്റ് നേരത്തെ തന്നെ ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു. താജ് മഹലിന്റെ ഓഫീഷ്യൽ സൈറ്റിൽ നിന്ന് നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അതല്ലെങ്കിൽ ഏതെങ്കിലും 3rd പാർട്ടി വഴിയോ അവിടെ ചെന്ന് നേരിട്ടോ ടിക്കറ്റ് എടുക്കാവുന്നതാണ്. അതിരാവിലെ തന്നെ അകത്തുകയറി സ്വസ്ഥമായിട്ട് കാണാനായിരുന്നു പ്ലാൻ. കയ്യിൽ ഉണ്ടായിരുന്ന ബാഗ് ക്ലോക്ക് റൂമിൽ വെയ്ക്കാൻ പോയതുകൊണ്ട് കുറച്ച് സമയം എടുത്തു. എന്തായാലും അധികം വൈകാതെ അകത്ത് കയറി.
ആ കവാടത്തിന്റെ അകത്തുകയറി വെണ്ണക്കല്ലിൽ തീർത്ത മഹാൽബുദ്ധം നേരിട്ട് കാണുമ്പോഴുള്ള മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ വയ്യ. പണ്ട് സ്കൂളിൽ പഠിച്ച ലോകാൽബുദ്ധങ്ങളിൽ ഒന്ന് ഒരിക്കലും കൺമുമ്പിൽ ഇങ്ങനെ കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല. യമുന നദിയുടെ തീരത്തായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതിരാവിലെ പോയാൽ വല്യ തിരക്കില്ലാതെ ഫോട്ടോസും വീഡിയോസും എടുക്കാൻ പറ്റും. ഒരുപാട് നേരം അവിടെ ചിലവഴിച്ചതിന് ശേഷം ആഗ്ര ഫോർട്ട് കാണാൻ പോയി.
ഉറക്കമില്ലായിമയും ഉച്ചവെയിലിന്റെ ചൂടുംകൂടിയപ്പോൾ ക്ഷീണിച്ചെങ്കിലും കുറച്ച് നേരം ഒരു മൂലയിൽ ഇരുന്ന് റെസ്റ്റെടുത്തിട്ട് കോട്ട മൊത്തം ഞങ്ങൾ നടന്നു കണ്ടു. ഒരു കിളിവാതിലിലൂടെ നോക്കിയാൽ ദൂരെ താജ് മഹൽ കാണാം. ഉച്ച കഴിഞ്ഞപ്പോൾ കോട്ടയിൽ നിന്ന് പുറത്തിറങ്ങി. തലയൊക്കെ വേദനിക്കുണ്ടായിരുന്നു. എങ്ങനെ എങ്കിലും റൂമിൽ എത്തിയാമതി എന്ന് പറഞ്ഞു നിൽക്കുമ്പോഴാണ് ഒരാൾ വന്നു ഡൽഹിയിലേക്ക് പോകാൻ ബസ്സ് വേണോ എന്ന് ചോദിക്കുന്നത്. ബസ്സ് ഉടനെ പുറപ്പെടും, 3 മണിക്കൂർ കൊണ്ടെത്തും എന്നൊക്കെ പറഞ്ഞു ഞങ്ങളെ ബസ്സിൽ കയറ്റി. മണിക്കൂർ 2 കഴിഞ്ഞ് 5:30 ആയപ്പോഴാണ് ബസെടുക്കുന്നത്. എന്തായാലും ഫുഡൊക്കെ കഴിച്ച് 10:30 ആയപ്പോഴേക്ക് റൂമിലെത്തി. വേഗം ഫ്രഷ് ആയി ഉറങ്ങാൻ കിടന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨
Day 3
കുറച്ച് ദിവസങ്ങളായിട്ട് ശരിക്ക് ഉറങ്ങാത്തതുകൊണ്ട് ഇന്ന് ലേറ്റ് ആയിട്ടാണ് എണീറ്റത്. ഇന്നത്തെ നമ്മുടെ പ്ലാൻ കുത്തബ് മിനാറും ലോട്ടസ് ടെംപിളുമാണ്. ഞങ്ങൾ 4 പേരായതുകൊണ്ട് യാത്രകൾ കൂടുതലും യൂബറിലാണ്. പല തവണ മെട്രോയിൽ പോകാൻ സ്റ്റേഷനിൽ ചെന്നാലും പല കാരണങ്ങളാൽ ആ പ്ലാൻ ഉപേക്ഷിച്ച് യൂബർ തിരഞ്ഞെടുക്കും. ചിലപ്പോ ഞങ്ങളുടെ കയ്യിൽ ടിക്കറ്റെടുക്കാൻ ലിക്വിഡ് ആയിട്ട് ക്യാഷ് ഉണ്ടാവില്ല, അല്ലെങ്കിൽ ആ സമയത്ത് ഞങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന റൂട്ടിൽ മെട്രോ ഉണ്ടാവില്ല, അതുമല്ലെങ്കിൽ 4 പേർക്ക് ടിക്കറ്റെടുക്കുന്ന പൈസയെ യൂബറിന് ആവുകയുള്ളൂ. യൂബർ ഇറങ്ങി ടിക്കറ്റ് കൗണ്ടറിൽ എത്തി. ട്രൈപോഡ് സെൽഫി സ്റ്റിക് പോലുള്ളവ അകത്തേക്ക് അനുവദിക്കില്ല. പക്ഷേ ചിലരുടെ കയ്യിൽ ഇവ കാണുന്നുമുണ്ട്. എന്തായാലും ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. അപ്പോൾ തന്നെ ഒരു വിമാനം കുത്തുബ് മിനാറിന്റെ അടുത്തുകൂടെ പോയി. ആ ഒരു ഫ്രെയിം പലരുടെയും സ്വപ്നമാണ്. ഞാനും കുറെ ഫോട്ടോസെടുത്തു. പിന്നെയും ഒരുപാട് വിമാനം അടുത്തുകൂടെ പോയി. ഒന്നുപോലും മിസ്സ് ആവാതെ ഞാൻ എല്ലാം ഫോണിൽ പകർത്തി. ഒരുപാട് നേരം അതിലെ ചുറ്റിനടന്ന് മരങ്ങൾക്ക് ഇടയിലൂടെയും അല്ലാതെയുമായി ഒരുപാട് നല്ല ഫോട്ടോസ് എടുത്തു. കൂടെ ഉള്ള 2 പേരും ഫോട്ടോഗ്രാഫേഴ്സ് ആയതുകൊണ്ട് ഫോട്ടോക്ക് പഞ്ഞമില്ല.
അവിടുന്നിറങ്ങി ഞങ്ങൾ പോയത് ലോട്ടസ് ടെമ്പിൾ കാണാനാണ്. അതിനകത്ത് മെഡിറ്റേഷനും മറ്റുമായിട്ട് ഒരു വലിയ ഹാൾ ഉണ്ട്. ചുറ്റും കുറെ പൂക്കളുള്ള ചെടികളും. ഈ സ്ഥലങ്ങൾ എല്ലാംതന്നെ വൈകുന്നേരം 4,5 മണി ആകുമ്പോൾ അടയ്ക്കും. അതുകൊണ്ട് അന്ന് വൈകുന്നേരം DLF അവന്യൂവിൽ ബീഷ്മപർവം സിനിമക്ക് കേറി. പടമൊക്കെ കണ്ട് രാത്രിയായപ്പോൾ റൂമിലെത്തി.
✨✨✨✨✨✨✨✨✨✨✨✨✨✨
Day 4
യമുനാ ഘട്ടിലെ ദേശാടനപക്ഷികളുടെ ഒരുപാട് ഫോട്ടോസും റീൽസും ഇൻസ്റ്റാഗ്രാമിൽ കണ്ടപ്പോൾ മുതലുള്ള ഒരാഗ്രഹമാണ് എന്നെങ്കിലും ഡൽഹിയിൽ പോകുമ്പോൾ അവയെ നേരിട്ട് കാണുകയെന്നുള്ളത്. അങ്ങനെ മണാലി ട്രിപ്പ് ഓൺ ആയപ്പോൾ ഏതായാലും അവിടെ വരെ പോകുന്നതല്ലേ അന്നാപിന്നെ ഡൽഹി കൂടി കണ്ടിട്ട് വരുമെന്നുള്ള പ്ലാനിൽ യമുനാ ഘട്ടും കയറിപറ്റി🫣
യമുനാ ഘട്ടിൽ പക്ഷികളെ കാണാൻ സൂര്യോദയം ആണ് ഏറ്റവും നല്ലത്. നവംബർ മുതൽ മാർച്ച് വരെയാണ് സീസൺ. ഞങ്ങൾ പോകുന്നത് മാർച്ച് മാസം തുടക്കത്തിലായതുകൊണ്ട് അവയെ കാണാൻ പറ്റുമെന്ന് ഒരു പ്രതൃക്ഷയുണ്ടായിരുന്നു😎
ഡൽഹിയിലെ അവസാന ദിവസം അതായത് മണാലിയിലേക് പോകുന്ന ദിവസം രാവിലെ 6 മണിക്ക് അങ്ങോട്ട് പോകാനാണ് പ്ലാൻ ചെയ്തത്. Zostel ഇൽ അവിടെവച്ചു പരിചയപ്പെട്ട കുറച്ചു മല്ലൂസ് ആയി സംസാരിച്ചും uno cards കളിച്ചും വൈകിയാണ് ഉറങ്ങിയത്. 5:30 മുതൽ alarm അടിക്കാൻ തുടങ്ങി. ഞാൻ പതിയെ അഞ്ജലിയെ നോക്കി. നമ്മൾക് 6 മണിക്ക് എണീറ്റാൽ പോരെ 🤪 കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാത്രി ശരിക്ക് ഉറങ്ങാത്തതുകൊണ്ട് നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു. ഞങ്ങൾ എണീറ്റപ്പോൾ 7:30 കഴിഞ്ഞു. ഇനിയിപ്പോ റെഡി ആയി വണ്ടി ഒകെ കിട്ടി അവിടെ പോകുമ്പോഴേക് late ആവില്ലേ പോകണോ എന്ന് ഒരു സംശയം. എന്തായാലും ഇവിടെ വരെ വന്നിട്ട് അത് കാണാതെ പോകുന്നത് മോശമല്ലേ. പോയി നോക്കാം കിട്ടിയാൽ കിട്ടി പോയാൽ പോയി.
ഞാനും അഞ്ജലിയും മാത്രമാണ് യമുന ഘട്ട് പോകുന്നത്. വേഗം റെഡി ആയി യൂബർ ഓട്ടോ ബുക്ക് ചെയ്തു. പെട്ടന്ന് തന്നെ ഓട്ടോ വന്നു. അതിൽ കയറി ഞങ്ങൾ സ്ഥലത്തു എത്തി. ചുറ്റും ഗല്ലികളാണ്. എങ്ങോട്ട് പോകണമെന്ന് മനസിലാവുന്നില്ല. അപ്പോൾ ഒരാൾ വന്നു യമുന ഘട്ട് കാണാൻ ആണോയെന്ന് ചോദിച്ചു. ഞങ്ങൾ അതെയെന്ന് തലയാട്ടി. അയാൾ ഞങ്ങൾക്ക് മുന്നിലായി നടന്നു. ചെറിയ ഒരു പേടി ഉണ്ടായിരുന്നോ? കുറച്ച് നടന്നപ്പോൾ തന്നെ ഞങ്ങൾ യമുന നദി കണ്ടു. പക്ഷെ ആ കാഴ്ച ഞങ്ങളെ തീർത്തും നിരാശരാക്കി. കിളികൾ വളരെ കുറച്ചു മാത്രമാണുള്ളത്. സീസൺ കഴിയാറായി. വളരെയധികം മലിനമാണ് നദി. ചെറിയ ദുർഗന്ധവുമുണ്ട്.
സഞ്ചാരികളെ കൊണ്ടുപോകാൻ 1,2 വഞ്ചി കിടപ്പുണ്ട്. കുറച്ചു നേരം ഞങ്ങൾ അതിൽ കയറണോ വേണ്ടയോന്നു ആലോചിച്ചു. എന്തായാലും ഇവിടെ വരെ വന്നതല്ലേ കയറിയേക്കാം. അല്ലെങ്കിൽ ഒരുപക്ഷെ പിന്നീട് ഒരു കുറ്റബോധം തോന്നിയാലോ. പതിയെ ഞങ്ങൾ വഞ്ചിയിൽ കയറി. അയാൾ വഞ്ചി പുഴയുടെ നടുവിലേക് തുഴഞ്ഞു. കിളികൾ ഒകെ നമ്മുടെ അടുത്തേക് വരാൻ തുടങ്ങി. അത്രേ നേരം ടെൻഷൻ അടിച്ച ഞങ്ങൾ അതൊക്കെ എൻജോയ് ചെയ്യാൻ തുടങ്ങി. അവയ്ക്കു തീറ്റയൊക്കെ കൊടുത്തു കുറെ ഫോട്ടോസും വിഡിയോസും ഒകെ എടുത്തു. കുറച്ച നേരം വഞ്ചിക്കാരന്റെ ജോലി ഞങ്ങൾ ചെയ്തു. പക്ഷെ വഞ്ചി നീങ്ങിയില്ലായെന്നു മാത്രം.
തിരിച്ചുള്ള യൂബർ ഓട്ടോക്കാരൻ ഞങ്ങൾ മലയാളികൾ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ മമ്മൂട്ടി മോഹൻലാൽ എന്നൊക്കെ പറഞ്ഞു ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു. പോകുന്ന വഴി രാജ്ഘട്ട് എത്തിയപ്പോൾ പറയാതെ തന്നെ വണ്ടി സൈഡ് ആക്കി ഞങ്ങളെ പുറത്തിറക്കി ഗേറ്റിന്റെ മുന്നിൽ നിർത്തി ഫോട്ടോസ് എടുത്തു തന്നു.
റൂമിലെത്തി കുറച്ച് നേരം റെസ്റ്റെടുത്ത് ജന്തർ മന്ദിർ കാണാൻ പോയി. മണാലിയിലേക്ക് ഉള്ള ബസ്സ് വൈകുന്നേരമാണ്. അതുവരെ നമ്മക്ക് സമയമുണ്ട്. ചേട്ടായിയുടെ ലാപ്ടോപ്പിൽ പണ്ട് കണ്ട സ്ഥലങ്ങൾ നേരിട്ട് കാണുമ്പോൾ കൗതുകമായിരുന്നു. അവിടെ ചുറ്റികറങ്ങി ഞങ്ങൾ കണോഗ്റ്റ് പ്ലേസിലേക്ക്പോയി. ജോർജിയൻ സ്റ്റൈലിൽ നിർമിച്ച കെട്ടിടങ്ങൾ ആണവിടെ. ഒരുപാട് ബിസിനസ്സുകളും കൾച്ചുറൽ ആക്ടിവിറ്റീസും നടക്കുന്ന സ്ഥലമാണത്. അതിലെ ചെറുതായിട്ട് ഒന്ന് കറങ്ങി നമ്മൾ തിരിച്ച് റൂമിലെത്തി.
സാധനങ്ങൾ ഒക്കെ നേരത്തെ പാക്ക് ചെയ്ത് ലോക്കർ റൂമിൽ വച്ച് ചെക്കൗട്ട് ചെയ്തിരുന്നു. അതുകൊണ്ട് ഇനി കോമൺ റൂമിൽ മാത്രമേ പ്രവേശനമുള്ളൂ. അവിടെ വരുന്നവർക്ക് ഓർമക്കായിട്ട് എന്തെങ്കിലും എഴുതിവെക്കാൻ വച്ചിട്ടുള്ള സ്റ്റിക്കി നോട്ട്സിൽ ഞങ്ങളുടെ പേരൊക്കെ എഴുതിവച്ചു. മലയാളത്തിൽ ആണ് എഴുതിയത്. കുറെ നാളുകൾക്ക് ശേഷം അത്കണ്ട് ഒരു മലയാളി ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചായിരുന്നു. ഒരു 3 മണി ഓക്കെ കഴിഞ്ഞപ്പോൾ ബാഗെടുത്ത് സോസ്റ്റലിനോടും അവിടെ ഉണ്ടായിരുന്ന സ്റ്റാഫിനോടും അവിടുന്ന് പരിചയപ്പെട്ട മലയാളികളായ റിഫാസിക്കയോടും എലിസബത്ത് ചേച്ചിയോടും ബൈ പറഞ്ഞിറങ്ങി. 3,4 ദിവസം എവിടെ നിന്നതുകൊണ്ട് എല്ലാരും ആയിട്ട് നല്ല കമ്പനി ആയിരുന്നു.
മജ്നു കാ ടിലയിൽ നിന്നാണ് നമ്മുടെ ബസ്സ്. അവിടെ അടുത്ത് ഒരു കിടിലൻ കഫേ ഉണ്ടെന്ന് റിഫാസിക്ക പറഞ്ഞിരുന്നു. AMA കഫേ എന്നാണ് പേര്. 4,5 നിലകളിൽ ആയിട്ട് നല്ല അടിപൊളി ആംബിയൻസും വൈബും ഒക്കെ ഉള്ള ഒരു ക്യൂട്ട് കഫേ എന്നു വേണമെങ്കിൽ പറയാം. നമ്മൾ പിന്നെ പണ്ടേ ക്യൂട്ടിന്റെ ആൾ ആണല്ലോ. എന്ത് ക്യുട്ട് സാധനം കണ്ടാലും ഇങ്ങനെ നോക്കി നിൽക്കും. അവിടെ ഇരുന്നു കഴിക്കാൻ സമയമില്ലാത്തത് കൊണ്ട് ഞങ്ങൾ സാൻഡ്വിച്ച് പാർസൽ വാങ്ങി ചെല്ലുമ്പോഴേക്ക് ബസ്സ് വന്നിട്ടുണ്ടായിരുന്നു.
ആൾക്കാർ എല്ലാം കേറി കഴിഞ്ഞ് ഒരു 6:30 ആയപ്പോൾ ബസ്സെടുത്തു. ഞങ്ങളുടെ സ്വപ്നയാത്ര. കുറച്ച് ചെന്നപ്പോൾ ഫുഡ് കഴിക്കാനായി ഒരു പഞ്ചാബി ദാബയുടെ മുന്നിൽ ബസ്സ് നിർത്തി. എല്ലാത്തിനും നല്ല കത്തി റേറ്റാണ്. വെറും ഒരു കോഫിക് 150 രൂപ. അപ്പോൾ ബാക്കി ഊഹികലോ. ഭാഗ്യം സാൻഡ്വിച്ച് വാങ്ങിയത്. ഭക്ഷണം കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨
Day 5
രാവിലെ ഒരു 7-8 മണി ആയപ്പോൾ ഹിമാചൽ പ്രദേശിലെ സാംബാൽ എന്ന് പറയുന്ന സ്ഥലത്ത് ബ്രേക്ഫാസ്റ്റ് കഴിക്കാനായി ബസ്സ് നിർത്തി. അവിടുന്ന് ഒരു 100km കൂടി ഉണ്ട് മണാലിക്ക്. ഭക്ഷണമൊക്കെ കഴിച്ച് വന്നിട്ടും വണ്ടി എടുക്കുന്നില്ല. കുറെ നേരം കഴിഞ്ഞപ്പോളാണ് അറിഞ്ഞത് വണ്ടിക്ക് എന്തോ കംപ്ലൈന്റ്റ് ആയെന്ന്. എന്തായാലും ഇനി പെട്ടന്ന് ഒന്നും പോകൂലാന്ന് മനസിലായപ്പോൾ ഞങ്ങൾ പതിയെ പുറത്തേക്ക് ഇറങ്ങി. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ഇരുന്നപ്പോൾ താഴെ ഒരു പുഴ കണ്ടായിരുന്നു. ഹോട്ടലിൽ ഉണ്ടായിരുന്നവരോട് താഴേക്ക് ഉള്ള വഴി ചോദിച്ച് ഞങ്ങൾ കുറച്ച്പേർ അങ്ങോട്ട് പോയി. ബിയാസ് നദി ആണതെന്ന് പിന്നെയാണ് മനസിലായത്. ഒരുപാട് പൂക്കളുള്ള ചെറിയ ഒരു തോട്ടത്തിന് നടുവിലൂടെ ഞങ്ങൾ പുഴക്കരയിൽ എത്തി. വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു. കുറച്ച്നേരം പ്രകൃതി ഭംഗി ആസ്വദിച്ച് മറ്റൊരു വഴിയിലൂടെ ഞങ്ങൾ തിരിച്ച് ബസിനടുത്തെത്തി. അപ്പോഴേക്ക് ബസ്സിന്റെ പണിയൊക്കെ കഴിഞ്ഞ് റെഡി ആയിരുന്നു. വീണ്ടും യാത്ര തുടർന്നു.
കുളുവിൽ റിവർ റാഫ്റ്റിങ്ങും പാരാഗ്ലൈഡിങ്ങും ഒക്കെ പ്ലാനിൽ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച മുൻപ് നടന്ന ഒരു അപകടം കാരണം ഇതൊക്കെ തത്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്ന് അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത്. അതുകൊണ്ട് അതൊഴിവാക്കി നേരെ മണാലിയിലേക്ക് തിരിച്ചു. കുളു കഴിഞ്ഞപ്പോൾ ദൂരെയായിട്ട് മഞ്ഞുമൂടിയ മലകൾ കാണാൻ തുടങ്ങി. എന്റെ സാറെ 🤩 ഇത്രയും നാൾ കാണാൻ കൊതിച്ചത് നമ്മുടെ കൺമുൻപിൽ കാണുമ്പോൾ ഉള്ള ആ ഒരു ഫീൽ ഉണ്ടല്ലോ .. പറഞ്ഞറിയിക്കാൻ വയ്യ. അങ്ങ് ദൂരെയുള്ള മഞ്ഞുമലകൾ കാണുമ്പോഴേ സന്തോഷംകൊണ്ട് തുള്ളി ചാടുവാന്നേൽ മഞ്ഞിൽ കാലു കുത്തുമ്പോളുള്ള അവസ്ഥ എന്തായിരിക്കും 🥳 മണാലി എത്തുന്നതിനു മുൻപായിട്ട് ഒരു അമ്പലത്തിൽ കയറി. അതിന് ശേഷം അവിടെയടുത്തുള്ള പൈൻ ഫോറസ്റ്റിലും പോയി. അങ്ങോട്ട് പോകാൻ ബിയാസ് നദിക്ക് മുകളിലൂടെയുള്ള തൂക്കുപാലം കടക്കണം. പാലത്തിന്റെ മറ്റേ അറ്റത്ത് എത്താറായപ്പോഴാണ് അത് കണ്ടത്. പാലത്തിന്റെ നടുക്കുള്ള മരകഷ്ണങ്ങൾ പൊട്ടിപ്പോയിരിക്കുന്നു. സൈഡിൽ കൂടിയുള്ള കമ്പിയിൽ ചവുട്ടി വേണം പാലം കടക്കാൻ. ചെറിയ ഒരു പേടി ഉണ്ടായിരുന്നെങ്കിലും ഒരുപാട്പേർ അത് കടന്ന് പോകുന്നത് കണ്ടപ്പോൾ ധൈര്യം വന്നു.
അങ്ങനെ ഓരോന്ന് സംസാരിച്ച് നടക്കുമ്പോൾ ഒരു പട്ടി കൂടെ കൂടി. ഹിമാചലിലും കശ്മീരിലുമൊക്കെ പോയിട്ടുള്ളവർക്ക് അറിയാം നമ്മളുടെ കൂടെ നടക്കാൻ വരുന്ന പട്ടികളെ കുറിച്ച്. ഉപദ്രവകാരികൾ അല്ലാത്ത അവ നമ്മുടെ കൂടെ വരും. ഒരുപാട് രോമമുള്ള നല്ല സൈസ് ഉള്ള പട്ടികളെയാണ് അവിടെ കാണാറുള്ളത്. കാഴ്ചകൾ എല്ലാം കണ്ട് ഹോട്ടലിൽ എത്തിയപ്പോൾ വൈകുന്നേരമായി. ചെക്ക് ഇൻ ചെയ്തു ഫ്രഷായി ഭക്ഷണമൊക്കെ കഴിച്ച് കുറച്ച്നേരം എല്ലാരോടും വർത്തമാനം ഒക്കെ പറഞ്ഞിരുന്നു. തണുപ്പ് ഉള്ളതുകൊണ്ട് ഇവിടുത്തെ റൂമുകളിൽ എല്ലാം ഹീറ്റർ ഉണ്ട്. നാളെയാണ് നമ്മൾ മഞ്ഞിൽ കളിക്കാൻ പോകുന്നത്. അതും സ്വപ്നം കണ്ട് നേരത്തെ ഉറങ്ങി.
✨✨✨✨✨✨✨✨✨✨✨✨✨✨
Day 6
രാവിലെ മുതൽ എല്ലാരും നല്ല എക്സൈറ്റ്മെന്റിലാണ്. തെർമൽസും വൂളൻ സോക്സൊക്കെ ഇട്ട് റെഡി ആയി. രാവിലത്തെ ഭക്ഷണം കഴിച്ചിട്ട് ഞങ്ങൾ സോളങ്ങ് വാലിയിലേക്ക് പോയി. പോകുന്ന വഴിക്ക് മഞ്ഞിൽ ഇടാനുള്ള ഡ്രസ്സും ഷൂസും ഒക്കെ റെന്റിന് വാങ്ങിയിട്ടു. മാർച്ച് മാസം ആയതുകൊണ്ട് അത്ര ഫ്രഷ് മഞ്ഞ് അല്ലായിരുന്നു അവിടെ. അതുകൊണ്ട് ഞങ്ങൾ സിസു വാലിയിലേക്ക് പോയി.
മഞ്ഞൊക്കെ ഉരുകി തുടങ്ങിയെങ്കിലും ചെളിയില്ലാത്ത നല്ല മഞ്ഞ് അവിടെ ഉണ്ടായിരുന്നു. മഞ്ഞ് കണ്ട ആവേശത്തിൽ എല്ലാരും വണ്ടിയിൽ നിന്നിറങ്ങി ഓടി. ആളുകൾ കുറവുള്ള അധികം ആരും ചവുട്ടാത്ത മഞ്ഞ് നോക്കി കുറച്ചുള്ളിലേക്ക് നടന്നു. മഞ്ഞ് കൊണ്ട് ബോൾ ഉണ്ടാക്കിയും അല്ലാതെയുമൊക്കെ കുറെ നേരം എറിഞ്ഞു കളിച്ചു. അപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ ഒക്കെ കാണാറുള്ള മഞ്ഞിലേക്ക് ചാടുന്ന റീൽസ് ഓർമ്മ വന്നത്. അതുപോലെ ചാടുമ്പോൾ മഞ്ഞിന്റെ ഉള്ളിലേക്ക് പോകുമെന്ന് കരുതി ചാടിയതേ ഓർമയുള്ളു. ഉറച്ച മഞ്ഞ് ആയതുകൊണ്ട് തലക്ക് നല്ല ഒരു അടി കിട്ടി. എന്തായാലും വീണ്ടും മഞ്ഞിൽ കളിച്ചും റീൽസും ഫോട്ടോസുമൊക്കെ എടുത്ത് ഉച്ചയായപ്പോൾ ഞങ്ങൾ തിരിച്ച് സോളങ്ങ് വാലിയിലേക്ക് പോയി.
സ്നോ ആക്ടിവിറ്റീസ് ഒക്കെ കൂടുതലും ഉള്ളത് അവിടെയാണ്. അവിടെയെത്തിയപ്പോ കുറെ ആൾക്കാർ വന്നു പലതിലും കേയറ്റാമെന്ന് പറഞ്ഞു. ഞങ്ങൾ ആദ്യം കയറിയത് സ്നോ ബോർഡിംഗ് പോലെ ഉള്ള ഒരു ഐറ്റം ആയിരുന്നു. ടയറിൽ ഇരുത്തി ഒരു മലയുടെ മുകളിൽ നിന്ന് താഴേക്ക് തള്ളിവിടും. ഞാനും അഞ്ജലിയും ഒരുമിച്ചാണ് കയറിയത്. നല്ല രസമായിരുന്നു അത്. പെട്ടന്ന് തന്നെ ഞങ്ങൾ താഴെ എത്തി.
അടുത്തത് റോക്കറ്റ് ജമ്പിംഗ് ആണ്. അരയിലൂടെ ഒരു ബെൽറ്റിട്ട് മുറുക്കി അത് 2 സൈഡിലും ഉള്ള തൂണിലേക്ക് കണക്ട് ചെയ്ത് മറ്റൊരു കയറുകൊണ്ട് താഴെയുള്ള പ്ലാറ്റ്ഫോമിലേക്ക് കെട്ടും. ആ കയർ പതിയെ ലൂസാക്കുന്നതിന് അനുസരിച്ച് നമ്മൾ മുകളിലേക്ക് പോകും. കുറച്ച് മുകളിൽ എത്തുമ്പോൾ പെട്ടന്ന് ആ കയർ അഴിക്കും. അപ്പോൾ നമ്മൾ ആകാശത്തിലേക്ക് പോയി താഴേക്ക് വരും. സ്പീഡ് കുറയുന്നതിന് അനുസരിച്ച് മുകളിലേക്ക് ഉള്ള ദൂരം കുറയും. ഞങ്ങൾ നോക്കി നിൽക്കുമ്പോൾ ഒരാൾ മുകളിൽ എത്തിയപ്പോ തലകുത്തി മറിഞ്ഞു. തൊട്ട് മുൻപ് മാഗ്ഗി കഴിച്ച് വയർ ഫുൾ ആക്കിയ ഞങ്ങൾ ഇത് കണ്ടപ്പോ പേടിച്ചു. കഴിച്ച മാഗ്ഗി എല്ലാം കൂടെ പുറത്ത് വരുമോ എന്നതായിരുന്നു പേടി. അപ്പോ ആരോ പറഞ്ഞു വെയ്റ്റ് കുറവുള്ള ആൾക്കാർ ആണ് അങ്ങനെ കറങ്ങുന്നതെന്ന്. 50 കിലോ ഇല്ലാത്ത ഞാൻ വീണ്ടും ഞെട്ടി. പക്ഷേ കൂടെ ഉണ്ടായിരുന്ന 38 കിലോ ഉള്ളയാൾ നേരെ പോയി നേരെ വന്നു. എക്സ്പീരിയൻസ് ചോദിച്ചപ്പോൾ അതൊക്കെ നമ്മളായിട്ട് കറക്കുന്നതാണെന്ന് പറഞ്ഞ ധൈര്യത്തിൽ ഞാൻ കേറി. എല്ലാരും കയറ് അഴിക്കുമ്പോഴേ കാറികൂവുന്നുണ്ടായിരുന്നു. പേടി കൊണ്ടാണോയെന്ന് അറിയില്ല എന്റെ സൌണ്ട് പുറത്തേക്ക് വന്നില്ല. 2,3 വട്ടം മുകളിൽ പോയി താഴെ എത്തി കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. അതുവരെ കണ്ണടച്ച ഞാൻ കണ്ണുതുറന്ന് ചുറ്റും നോക്കി. നേരെ മുന്നിൽ ഒരു മഞ്ഞുമല. നമ്മൾ താഴെ നിന്ന് നോക്കുന്നതിലും ഭംഗി തോന്നി മുകളിൽ നിന്ന് നോക്കുമ്പോൾ.
കാഴ്ചകൾ ആസ്വദിച്ച് വന്നപ്പോഴേക്കും അതിന്റെ സ്പീഡ് കുറഞ്ഞതുകൊണ്ട് വലിയ ഉയരത്തിലേക്ക് പോയില്ല. എങ്കിലും അത് നല്ല ഒരു അനുഭവം ആയിരുന്നു.
അതിനുശേഷം ഞങ്ങൾ ATV (ആൾ ടെറെയിൻ വെഹിക്കിൾ) യിൽ കയറാൻ പോയി. 10-20 മിനിറ്റ് അതിൽ ഞങ്ങളെ മഞ്ഞിൽകൂടിയും ചളിയിൽകൂടിയും ഓഫ്റോഡും ഒക്കെ കൊണ്ടുപോയി. ആദ്യമായിട്ട് ആയിരുന്നു അങ്ങനെ ഒരു വണ്ടിയിൽ കയറുന്നത്.
ഇതൊന്നും താല്പര്യമില്ലാത്ത ആളുകൾ ആ സമയം കേബിൾ കാറിൽ കയറി. വൈകുന്നേരം വരെ അവിടെ ചിലവഴിച്ചിട്ട് ഞങ്ങൾ തിരിച്ച് ഹോട്ടലിലേക്ക് പോയി.
ഫ്രഷായി വന്നപ്പോഴേക്ക് ഫുഡ് റെഡി ആയിരുന്നു. നല്ല തണുപ്പ് ആയതുകൊണ്ട് കുറച്ച്നേരം ക്യാമ്പ്ഫയറിന്റെ അടുത്ത് പോയിരുന്നു. ഞങ്ങൾ കൊടുത്ത മലയാളം ഡിജെ പാട്ടുകൾ അവർ സ്പീക്കറിൽ ഇട്ടു. പാട്ടുകൾക്ക് എല്ലാവരും കൂടി ഡാൻസ് ഒക്കെ കളിച്ച് കുറെ നേരം വർത്തമാനമൊക്കെ പറഞ്ഞിരുന്നു. നാളെ മണാലിയിലെ അവസാന ദിവസമാണ്.
✨✨✨✨✨✨✨✨✨✨✨✨✨✨
Day 7
ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് ആദ്യം പോയത് ബശിഷിട്ടിലുള്ള ജോഗിനി ഫാൾസ് കാണാനാണ്. ട്രെക്കിങ്ങ് തുടങ്ങിയപ്പോൾ തന്നെ ആവേശത്തോടെ ഞങ്ങൾ കുറച്ച്പേര് മുന്നിൽ നടന്നു. കുറച്ച് ദൂരം ചെന്നപ്പോൾ ഒരു അമ്പലം കണ്ടു. അവിടെ നിന്ന് നോക്കിയാൽ മഞ്ഞുമലകളുടെ നല്ല വ്യൂ കിട്ടും. വീണ്ടും കുറെ ദൂരം മുന്നോട്ട് പോയപ്പോൾ വെള്ളത്തിന്റെ ഒച്ചകെട്ടു. ഓരോ ചുവട് വെക്കുമ്പോഴും
ശബ്ദം അടുത്തടുത്ത് വന്നു. ലൈഫ് ഓഫ് റാം പാട്ട് ഷൂട്ട് ചെയ്തത് കുറച്ചുകൂടി മുകളിലാണ്. ട്രെക്കിംഗ് താൽപര്യമില്ലാത്ത ആളുകളും കൂടെ ഉള്ളതുകൊണ്ട് ഞങ്ങൾ ഏറ്റവും മുകളിലേക്ക് പോയില്ല. ഞങ്ങൾ 5,6 പേര് മാത്രമേ വെള്ളച്ചാട്ടം കാണാൻ പോയുള്ളു. കൂടെ ഉണ്ടായിരുന്ന ബാക്കി ആളുകൾ താഴെ കണ്ട അമ്പലം വരെയേ വന്നുള്ളു.
“The best views comes after the hardest climb” ഇങ്ങനെ പറയുന്നത് എത്രയോ സത്യമാണെന്ന് മനസ്സിലായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തിയപ്പോൾ ഞങ്ങൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി. അതിന്റെ താഴെയെത്താൻ കുറച് ദൂരം ഉരുളൻക്കല്ലുകളും തണുത്തുറഞ്ഞ വെള്ളത്തിലും കൂടി നടക്കണം. ഇതുവരെ എത്താൻ വല്യ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ ഇനി അങ്ങോട്ട് അത്ര എളുപ്പമല്ല. ഷൂസ് നനയുന്നത് കാരണം സേഫ് ആയിട്ട് അഴിച്ചുവച്ച് കാൽ ആ വെള്ളത്തിൽ ചവിട്ടിയതേ ഓർമ്മയുള്ളൂ. മരവിച്ചുപോയി. അത്രക്ക് തണുപ്പായിരുന്നു വെള്ളത്തിന്ന്. രണ്ടും കൽപിച്ച് നടക്കാൻ തുടങ്ങി.
തണുത്ത വെള്ളത്തിൽ കൂടി നടക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു. എങ്കിലും അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചു പലയിടത്തും വലിയ പാറയുടെ മുകളിലേക്ക് കയ്യിൽ പിടിച്ച് വലിച്ചുകയറ്റിയൊക്കെയാണ് ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിയത്. പരസ്പര സഹായം ഒന്നുകൊണ്ടു മാത്രമാണ് ഞങ്ങൾ അവിടെ വരെ എത്തിയത്. അടുത്ത വരവിൽ ശരിക്കുമുള്ള ജോഗിനിയിൽ പോകണമെന്ന് ഉറപ്പിച്ചു ഞങ്ങൾ തിരിച്ചിറങ്ങി.
അവിടുന്ന് നേരെ പോയത് ഹടിംബ ദേവി ക്ഷേത്രം കാണാനാണ്. ഉച്ച ആണേലും തിരക്കിനു കുറവൊന്നുമില്ല. അകത്ത് കയറാനുള്ള നീണ്ട ക്യൂ കണ്ടതോടെ ആ പദ്ധതി ഉപേക്ഷിച്ചു. ചുമ്മാ അതിലെ നടന്നപ്പോൾ അവരുടെ തനതായ വസ്ത്രം ഉടുപ്പിക്കുന്നവരെ കണ്ടു. ആ വേഷത്തിൽ കുറെ പേര് പല രീതിയിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കാനായി നല്ല പഞ്ഞികെട്ട് പോലെ രോമമുള്ള മുയലുകളും ആടുകളും യാക്കും ഒക്കെ ഉണ്ടായിരുന്നു. ഞങ്ങളും കുറച്ച് നേരം മണാലി സുന്ദരികളാവാൻ തീരുമാനിച്ചു. 50 രൂപയാണ് മുയലിനെ എടുക്കാൻ. അതിനെ കണ്ടാൽ എങ്ങനെയാണ് എടുക്കാതിരിക്കാൻ തോന്നുക.
ഫോട്ടോ സെക്ഷൻ കഴിഞ്ഞ് ഡ്രസ്സും ആഭരണങ്ങളും കുട്ടയും പൂവുമൊക്കെ തിരിച്ച്കൊടുത്ത് ഞങ്ങൾ മാൾറോഡ് ലക്ഷ്യമാക്കി ഇറങ്ങി. ഒരുപാട് കടകളുള്ള നല്ല ഭംഗിയുള്ള ഒരു സ്ട്രീറ്റ് ആണത്. ടിബറ്റൻ ഫ്ലാഗും കീചെയിനും ഡ്രീംകാച്ചറും ഒക്കെ ഞങ്ങൾ വാങ്ങികൂട്ടി. അതിലെ നടക്കുമ്പോൾ ബുദ്ധിസ്റ്റ് മൊണാസ്റ്ററി കണ്ടപ്പോൾ അവിടെയും കയറി. ഇരുട്ട് വീണുതുടങ്ങി. നമ്മൾക്ക് തിരിച്ച് ഡൽഹിയിലേക്ക് പോകാനുള്ള സമയമായി. തിരിച്ചുള്ള വഴിയിൽ കുറെ ടിബറ്റൻ ഫ്ലാഗുകൾ കെട്ടിയ തൂക്കുപാലത്തിൽ നിർത്തി ഫോട്ടോ എടുക്കാനും മറന്നില്ല.
ഒരുപാട് നല്ല ഓർമ്മകളുമായി ഞങ്ങൾ തിരിച്ച് ഡൽഹിയിലേക്കുള്ള ബസ്സ് കയറി. തിരിച്ച് പോരുമ്പോൾ 2 പേരുടെയും മുഖത്ത് വല്ലാത്തൊരു സന്തോഷമുണ്ടായിരുന്നു. സ്വപ്‌നങ്ങൾ നേടി എടുത്തതിന്റെ സന്തോഷം. പിറ്റേന്ന് രാവിലെ ഡൽഹിയിൽ എത്തി ഫ്രഷാവാൻ ഒരു റൂമെടുത്തു. വൈകുന്നേരമാണ് നാട്ടിലേക്കുള്ള ഫ്ലൈറ്റ്. ഇനിയും ഒരുപാട് സമയമുള്ളത്കൊണ്ട് ഞങ്ങൾ ചുമ്മാ ആ വഴികളിൽ കൂടി നടന്നു. ഹിപ്പി സ്റ്റൈൽ മാർക്കറ്റ് ആയിരുന്നു അത്. അവിടെ കണ്ട ഒരു കടയിൽ കയറി ഒരു പാന്റ് വാങ്ങി.
തിരിച്ച് റൂമിൽ വന്ന് ബാഗ് എടുത്ത് നേരെ എയർപോർട്ടിലേക്ക്. രാത്രി എട്ടര ആയപ്പോൾ കൊച്ചിയിൽ എത്തി. അവിടുന്ന് വീട്ടിൽ എത്തിയപ്പോൾ പിറ്റേന്ന് രാവിലെയായി. ഒരു പവർ നാപ് എടുത്ത് വീണ്ടും ജോലിയിലേക്ക്.
അങ്ങനെ എപ്പോഴും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു പിടി നല്ല ഓർമ്മകളുമായി ഞങ്ങളുടെ ആദ്യത്തെ യാത്ര കഴിഞ്ഞു.