ഊട്ടിയിലേക്ക് ഒരു തീവണ്ടി യാത്ര🚃
ഊട്ടിയിലേക്ക് ഒരു തീവണ്ടി യാത്ര🚃
മലയാളികൾക്ക് എത്ര വട്ടം കണ്ടാലും മതി വരാത്ത സ്ഥലമാണ് ഊട്ടി. കുട്ടിക്കാലം മുതലേ ഊട്ടിയെ നമ്മൾ സ്നേഹിച്ചു തുടങ്ങുന്നു. സ്കൂളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ, സ്ഥലങ്ങളുടെ ലിസ്റ്റിൽ ആദ്യം തന്നെ ഊട്ടി ഇടം പിടിക്കും. യൂണിഫോം ഇട്ട് ഊട്ടിയിലെ പൂന്തോട്ടങ്ങളിൽ ചോളവും, ഐസ്ക്രീമും കഴിച്ചു നടന്നവർ ആയിരിക്കും നമ്മളിൽ പലരും. അങ്ങനെ തന്നെയാണ് ഞാനും ആദ്യം ഊട്ടിയിൽ പോയത്. പിന്നെയും പലവട്ടം പോയിട്ടുണ്ട്. ഓരോ വട്ടം പോകുമ്പോഴും നമ്മുടെ ഉള്ളിലെ കുട്ടിയെ ആ പൂന്തോട്ടങ്ങളിൽ എവിടെയൊക്കെയോ കാണാം.
ഈ യാത്ര പ്ലാൻ ചെയ്‌തത് സഞ്ചാരിയിലെ തന്നെ ഒരു യാത്ര വിവരണം കണ്ടിട്ടാണ്. കോവിഡ് കാലം ആയത് കൊണ്ട് തമിഴ്‌നാട്ടിലേക്ക് സ്വന്തം വണ്ടിയിൽ ചെക്ക് പോസ്റ്റ് കടന്ന് പോകാൻ പലവിധ നിബന്ധനകൾ ഉണ്ട്. അങ്ങനെയാണ് ട്രെയിനിൽ പോകാം എന്ന ചിന്ത വന്നത്. പ്രധാന ലക്‌ഷ്യം ഊട്ടി ടോയ് ട്രെയിൻ യാത്ര ആയിരുന്നു. പക്ഷെ തിരിച്ചു വരുമ്പോൾ ഉള്ള ദിവസത്തേക്കേ ടിക്കറ്റ് കിട്ടിയുള്ളൂ. അങ്ങനെ രണ്ട് ഡോസ് വാക്‌സിനേഷനും എടുത്ത്, പൂജാ അവധിക്ക് രാത്രി എറണാകുളത്ത് നിന്ന്, കോയമ്പത്തൂരിലേക്ക് ട്രെയിൻ കയറി. അവിടെ നിന്ന് വെളുപ്പിന് ട്രെയിനിൽ മേട്ടുപ്പാളയത്തേക്ക്. എല്ലാ ട്രെയിൻ ടിക്കറ്റുകളും ബുക്ക് ചെയ്‌തത് IRCTC സൈറ്റ് വഴിയാണ്.
മേട്ടുപ്പാളയം എത്തുമ്പോൾ ചുറ്റിനും കാണുന്ന മലകളും, പ്ലാറ്റ്‌ഫോമിൽ കിടക്കുന്ന ടോയ് ട്രെയിനും, നേരിയ തണുപ്പും എല്ലാം, ഈ യാത്രക്ക്, ഒരു ഫീൽ തരും. സ്റ്റേഷനോട് ചേർന്ന് ഒരു റെയിൽവേ മ്യൂസിയം ഉണ്ട്. അവിടെ പണ്ട് കാലത്ത് റെയിൽവേയിൽ ഉപയോഗിച്ചിരുന്ന സാധനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അതും കണ്ട്, ഒരു ചായയും കുടിച്ചു, ബസ് സ്റ്റാൻഡിലേക്ക് നടന്നു. അവിടെ നിന്ന് ഏകദേശം അര കിലോമീറ്ററോളം ഉണ്ട് മേട്ടുപ്പാളയം ബസ് സ്റ്റാൻഡിലേക്ക്. അവിടെ നിന്ന് ബസിൽ കയറി ഊട്ടിയിലേക്ക്.
മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് ഉള്ള ബസ് യാത്ര മനോഹരം ആണ്. ഏകദേശം മൂന്നര മണിക്കൂർ എടുത്താണ് ഊട്ടിയിലെത്തുന്നത്. പോകുന്ന വഴി എല്ലാം മനോഹരം. പൈൻ മരക്കാടുകൾക്കും, തേയിലക്കാടുകൾക്കും ഇടയിലൂടെ, ചെറിയ വെള്ളച്ചാട്ടങ്ങളും കണ്ട്, കോടമഞ്ഞും ആസ്വദിച്ചു ഒരു മനോഹര യാത്ര. അപ്പോഴാണ് മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് ടോയ് ട്രെയിനിൽ, ടിക്കറ്റ് കിട്ടാത്തതിന്റെ സങ്കടം മാറിയത്. ട്രെയിനിൽ ആയിരുന്നു പോയത് എങ്കിൽ ഈ കാഴ്ചകൾ ആസ്വാദിക്കാൻ പറ്റുമായിരുന്നില്ല.
മൂന്ന് ദിവസത്തെ യാത്ര ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. രാവിലെ 11.30 ന് ഊട്ടി ബസ് സ്റ്റാൻഡിൽ എത്തി. അവിടെ നിന്ന് ഒരു ഓട്ടോയിൽ ഹോട്ടലിലേക്ക് പോയി. യാത്ര, രാത്രിയിൽ ആയത് കൊണ്ടും, ഉറക്കം ശെരിയാകാഞ്ഞത് കൊണ്ടും കുറച്ചു നേരം കിടന്ന് ഉറങ്ങി. വൈകുന്നേരം എഴുന്നേറ്റ് ഫ്രഷ് ആയി ഭക്ഷണവും കഴിച്ചു, ഊട്ടി തെരുവുകളിലൂടെ തണുപ്പും ആസ്വദിച്ചു കാഴ്ചകളും കണ്ട് നടന്നു.
ഊട്ടിയിൽ വരുന്നവർ പലരും പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളിൽ പോയിട്ട് തിരിച്ചു പോകാറാണ് പതിവ്. അങ്ങനെ പോകുന്നവർക്ക് ഈ കാഴ്ചകൾ നഷ്ട്ടമാകും. തെരുവുകളിൽ പല തരം സാധനങ്ങൾ വിൽക്കുന്ന ചെറിയ കടകൾ ഉണ്ട്. ചോക്കലേറ്റുകൾ, കമ്മൽ, മാല, തൊപ്പികൾ, ജാക്കറ്റുകൾ, ഭക്ഷണ സാധനങ്ങൾ... അതൊക്കെ കണ്ട് ഇങ്ങനെ നടക്കാം. ആവശ്യമുള്ളത് വാങ്ങിക്കാം.
സന്ധ്യ ആകുമ്പോൾ തെരുവ് വിളക്കിലെ വെളിച്ചത്തിൽ കാണുന്ന കാഴ്ചകൾക്ക് വേറൊരു ഭംഗി ആണ്. മഞ്ഞ വെളിച്ചത്തിൽ പഴങ്ങളും, പൂക്കളും വിൽക്കുന്ന ആളുകൾ, ചോളവും കപ്പലണ്ടിയും പുഴുങ്ങി എടുത്ത് മസാല ഇട്ട് വിൽക്കുന്ന കച്ചവടക്കാർ, പഞ്ഞി മിട്ടായി വിൽക്കുന്ന ആളുകൾ….. ക്യാമറയിലൂടെ നോക്കുമ്പോൾ എല്ലാം മനോഹരമായ ഫ്രെയിമുകൾ ആണ്. പക്ഷെ ഓരോ ഫ്രെയിമിലും കാണുന്നത് ഓരോ ജീവിതങ്ങളാണ്. കുറെ നേരം അവിടെ ചിലവഴിച്ചിട്ട് ബസിൽ കയറി ഹോട്ടലിലേക്ക്. ഇന്നത്തെ യാത്ര ഇവിടെ അവസാനിക്കുന്നു. നാളെ രാവിലെ മുതൽ ഊട്ടിയിലെ ബാക്കി കാഴ്ചകളിലേക്ക്.....(തുടരും)
ഈ യാത്രയുടെ വിശദമായ വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ (Jasmin Nooruniza) അപ്‌ലോഡ് ചെയ്തിട്ടുണ്ട്.